സുരക്ഷിതമായി അങ്കണവാടിയിലെത്താൻ കുരുന്നുകൾക്ക് നടപ്പാത വേണം !
1374096
Tuesday, November 28, 2023 1:57 AM IST
കൊടുവായൂർ : കണ്ണൻകോട് അങ്കണവാടിയിലേയ്ക്കുള്ള നടവഴി പാഴ്ച്ചെടികൾ വളർന്ന് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. കൊടുവായൂർ ഗ്രാമപഞ്ചായത്ത് 12 വാർഡിലുള്ള അഞ്ചാം നമ്പർ അങ്കണവാടിയിലാണ് ഈ ദുരവസ്ഥ.
ഒരാൾക്ക് നടന്നു പോകാൻ മാത്രമുള്ള നടപ്പാതയ്ക്കിരുവശത്തും പാഴ്ചെടികൾ വളർന്നു പന്തലിച്ച് നില്ക്കുന്നുണ്ട്. അങ്കണവാടിയിൽ നിലവിൽ ഏഴു കുട്ടികളും സമീപത്ത് തന്നെയുള്ള പ്രീ കെജി, എൽകെജി സ്്കൂളിൽ 20 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
കാടുപിടിച്ച് വഴിയിൽ ഇടയ്ക്കിടെ ഇഴജന്തുക്കൾ കാണപ്പെടുന്നതായി രക്ഷിതാക്കളുടെ പരാതിയുമുണ്ട്.
കൂടാതെ സ്ഥലത്ത് പന്നി ശല്യവും കൂടുതലാണ്. സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്കു പുറമെ രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും അപകടഭീഷണിയായിട്ടുണ്ട്.
സ്കൂളിലേയ്ക്ക് ഭക്ഷണവസ്തുക്കളും മറ്റും ചുമന്ന് കൊണ്ടു പോവുന്നതും ഏറെ കടമ്പകൾ കടന്നാണ്.
അംഗൻവാടി ജീവനക്കാർ കൊടുവായൂർ ഗ്രാമ പഞ്ചായത്തിലും വാർഡ് ഗ്രാമസഭകളിലും നിരന്തര ഇൗ വിഷയവുമായി ബന്ധപ്പെട്ട് പരാതികൾ അറിയിച്ചിട്ടും പരിഹാര നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല.
പ്രധാന പാതയിൽ നിന്നും അങ്കണവാടിയിലേയ്ക്ക് 200 മീറ്ററിൽ കൂടുതൽ ദൈർഘ്യമാണുള്ളത്.
വഴിയാത്രക്കാർക്ക് അപകടമുണ്ടാവുന്നതിന് മുൻപ് അങ്കണവാടിയിലേയ്ക്കുള്ള വഴിയിലെ പാഴ്ചെടികൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൽ ആവശ്യപ്പെട്ടു.