ജില്ലാ സബ് ജൂണിയർ വോളി ചാമ്പ്യൻഷിപ്പ്; കിഴക്കഞ്ചേരിയും കൊല്ലങ്കോടും ചാമ്പ്യൻന്മാർ
1373713
Monday, November 27, 2023 1:09 AM IST
വടക്കഞ്ചേരി: പന്തലാംപാടം മേരി മാതാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സബ് ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലങ്കോട് യോഗിനിമാതാ ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യൻമാരായി. കൊല്ലങ്കോട് ബിഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ തോൽപ്പിച്ചാണ് കിഴക്കഞ്ചേരി ചാമ്പ്യൻന്മാരായത്.
പെൺകുട്ടികളുടെ വിഭാഗത്തിൽ പൊറ്റശേരി ജിഎച്ച്എസ്എസാണ് റണ്ണറപ്പ്. ആൺ - പെൺ വിഭാഗങ്ങളിൽ മമ്പാട് ബ്രദേഴ്സ് വോളി ക്ലബ്ബും മമ്പാട് വോളി അക്കാദമിയും മൂന്നാം സ്ഥാനത്തെത്തി. വിജയികൾക്ക് വടക്കഞ്ചേരി സിഐ കെ.പി. ബെന്നി ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ.അഡ്വ. ജോബി കാച്ചപ്പിള്ളി, ഹെഡ്മാസ്റ്റർ ജോജി ഡേവിഡ്, പിടിഎ പ്രസിഡന്റ് വേലായുധൻ, കായികാധ്യാപകൻ ഡോൺ, പരിശീലകരായ ബിജുമോൻ, ജോർസി ജോസഫ്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കൃഷ്ണമൂർത്തി, കൺവീനർ സ്വാമിനാഥൻ, രക്ഷാധികാരി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും പന്തലാംപാടം മേരി മാതാ സ്കൂളും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
ആൺകുട്ടികളുടെ 22 ടീമുകളും പെൺകുട്ടികളുടെ 11 ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഡിസംബർ 15,16, 17 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിന്റെ തെരഞ്ഞെടുപ്പുമുണ്ടായി.