പട്ടാമ്പി പാർക്ക് നിർമാണം ജനുവരിയിൽ പൂർത്തിയാവും
1373712
Monday, November 27, 2023 1:09 AM IST
ഷൊർണൂർ: പട്ടാമ്പി നിളയോര പാർക്ക് നിർമാണം ജനുവരിയിൽ പൂർത്തിയാക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ രണ്ടാം ഘട്ടത്തിന് അരക്കോടി രൂപ വകയിരുത്തുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പട്ടാമ്പി നഗരത്തിൽ നിളാ തീരത്ത് നിർമാണം പുരോഗമിക്കുന്ന പാർക്കിന്റെ ഒന്നാംഘട്ട പ്രവൃത്തി ജനുവരിയിൽ പൂർത്തിയാകും.
പൂർണ്ണമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് പണിയുന്നത്. ഒന്നാം ഘട്ടത്തിന് 90 ലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ടാംഘട്ടത്തിന് 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് സ്ഥലം സന്ദർശിച്ച എംഎൽഎ പറഞ്ഞു. പൊതുജനങ്ങൾക്ക് ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നതിനും പ്രഭാത- സായാഹ്നങ്ങളിൽ ഉല്ലസിക്കാനും വേണ്ടിയാണ് ഭാരതപ്പുഴയോരത്ത് പാർക്ക് നിർമിക്കുന്നത്.
പൊതുജനങ്ങളുടെ ഉല്ലാസത്തിനൊപ്പം നഗര സൗന്ദര്യവത്കരണവും ഭാരതപ്പുഴ സംരക്ഷണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒന്നാം ഘട്ടത്തിൽ പുഴയോരത്തുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും മാലിന്യങ്ങൾ നീക്കുകയും ചെയ്തിരുന്നു.
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടി. നിലവിൽ ഗ്രിൽ സ്ഥാപിക്കുന്ന പ്രവർത്തിയും ലെവലിംഗ് പ്രവൃത്തിയും പുരോഗമിക്കുകയാണ്. ഇതോടൊപ്പം ഭാരതപ്പുഴയിലെ മാലിന്യങ്ങൾ നീക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. കയ്യേറ്റമൊഴിപ്പിച്ച 75 സെന്റ് സ്ഥലത്തും പുഴയുടെ തീരത്തുമാണ് പാർക്ക് നിർമാണം നടക്കുന്നത്.
അലങ്കാര ലൈറ്റ് സ്ഥാപിക്കൽ, മരങ്ങൾ വെച്ചുപിടിപ്പിക്കൽ, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ആംഫി തിയറ്റർ എന്നിവയാണ് പാർക്കിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നത്.
എംഎൽഎ ഫണ്ടിൽ നിന്നും പൂർണ്ണമായും തുക ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പാർക്ക് എന്ന പ്രത്യേകതയും പട്ടാമ്പിയിൽ ഒരുങ്ങുന്ന പാർക്കിനുണ്ട്. പാർക്ക് ആകർഷകമാക്കുന്നതിന് സന്നദ്ധ സംഘടനകൾ വിവിധ സാമഗ്രികൾ കൂടി സ്പോൺസർ ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്.
നിർമാണ പുരോഗതി വിലയിരുത്തുന്നതിന് എത്തിയ എംഎൽഎയോടൊപ്പം നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പി.വി.ജയകുമാർ, പി.കെ. കവിത, ഡെപ്യൂട്ടി തഹസിൽദാർ സെയ്ദ് മുഹമ്മദ് എന്നിവരും റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്, ജെസിഐ, ഭാരതപ്പുഴ സംരക്ഷണ സമിതി എന്നീ സന്നദ്ധ സംഘടന പ്രവർത്തകരും സന്ദർശനം നടത്തി.