സംഭരണം വൈകുന്നു, നെല്ല് കെട്ടിക്കിടക്കുന്നു
1373711
Monday, November 27, 2023 1:09 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ വിവിധ പാടശേഖര സമിതികളിൽ കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങളേറെയായിട്ടും സംഭരണം നീളുന്നതിൽ കർഷകർക്ക് ആശങ്ക.
നെല്ലളക്കാൻ മില്ലുടമകൾ എത്തുമെന്ന പ്രതീക്ഷയിലാണ് മിക്കവരും. കൃഷിഭവൻ ജീവനക്കാരെത്തി നെല്ല് അളന്നുതിട്ടപ്പെടുത്തിയാലേ മില്ലുടമകൾ വീടുകളിലെത്തുകയുള്ളു.
ഒരു ദിവസം 20 സ്ഥലങ്ങളിലാണ് കൃഷിഭവൻ ജീവനക്കാരെത്തി സംഭരണ തോത് നിശ്ചയിക്കുന്നത്.
ജീവനക്കാരുടെ കുറവുകാരണമാണ് അളവുതിട്ടപ്പെടുത്തൽ നീളുന്നത്.
നല്ലേപ്പിള്ളിയിൽ 30 പാടശേഖര സമിതികളിലായ രണ്ടായിരത്തിലധികം കർഷകരാണുള്ളത്. സംഭരണം നടന്ന സ്ഥലങ്ങളിൽ പിആർഎസ് വൈകുന്നതും കർഷകർക്ക് ഇരുട്ടടിയാവുന്നുണ്ട്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ജോലികൾക്കായി കൃഷിഭവനിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.