ദിശാസൂചിക മറച്ച് റോഡരികിൽ താത്കാലിക കടകളുടെ നിർമാണം
1373710
Monday, November 27, 2023 1:09 AM IST
നെന്മാറ: റോഡരികിൽ പൊതുമരാമത്ത് സ്ഥാപിച്ച സൂചിക ബോർഡ് മറച്ച് താൽക്കാലിക വ്യാപാരസ്ഥാപനം നിർമിച്ചു.
മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വല്ലങ്ങി ബൈപ്പാസ് ജംഗ്ഷനിൽ ജല അഥോറിറ്റി ഓഫീസിനു കവാടത്തിനു മുന്നിലാണ് ദിശാസൂചിക ബോർഡ് മറയുന്ന രീതിയിൽ വ്യാപാരസ്ഥാപനം കെട്ടിപ്പടുത്തത്.
കൊല്ലങ്കോട്, പാലക്കാട് ഭാഗത്തു നിന്നും നെന്മാറ പോത്തുണ്ടി നെല്ലിയാമ്പതി ഭാഗങ്ങളിലേയ്ക്ക് വരുന്ന യാത്രക്കാർക്കാണ് ദൂരം ഉൾപ്പെടെ രേഖപ്പെടുത്തിയ ദിശാസൂചിക മറച്ചതുമൂലം ദുരിതം അനുഭവിക്കുന്നത്.
പാതയോരം കയ്യേറി വ്യാപാരസ്ഥാപനം കെട്ടിപ്പടുത്തതിനു പുറമേ ഇവിടെ ദിശാസൂചിയും യാത്രക്കാർക്ക് കാണാത്ത സ്ഥിതിയാണ്.
ഈ ദിശാസൂചിക കഴിഞ്ഞാൽ നെന്മാറ ജംഗ്ഷൻ എത്തുന്നതിനിടയ്ക്ക് പോത്തുണ്ടി നെല്ലിയാമ്പതി ഭാഗങ്ങളിലേക്ക് തിരിയുന്ന സൂചന നൽകുന്ന മറ്റു ബോർഡുകൾ ഇല്ലാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
മിക്കവരും നെന്മാറ ബസ് സ്റ്റാൻഡിൽ എത്തിയശേഷം വഴി ചോദിക്കുകയാണ് ഇതുമൂലം ചെയ്യുന്നത്.
ദിശാസൂചിക ബോർഡുകൾ മറയാത്ത രീതിയിൽ വ്യാപാര സ്ഥാപനം മാറ്റി സ്ഥാപിക്കുകയോ ദിശാസൂചിക ഉയരത്തിലോ സ്ഥാപിക്കുകയോ വേണമെന്നാണ് വാഹന യാത്രക്കാരുടെ ആവശ്യം.
ഈ ബോർഡിന് തൊട്ട് എതിർവശത്ത് പൊള്ളാച്ചി പഴനി ദിശ സൂചിപ്പിക്കുന്ന ബോർഡും മറ്റൊരു സ്ഥാപനം ബോർഡ് മറക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുണ്ട്. പാതകരികിലെ അനധികൃത ബോർഡുകൾ പോലും മാറ്റണമെന്ന് നിർദ്ദേശമുള്ളപ്പോഴാണ് സ്ഥാപിച്ച ബോർഡുകൾ മറയുന്ന രീതിയിൽ കച്ചവട സ്ഥാപനങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്നത്.
ബോർഡ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ്, പോലീസ്, പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ് എന്നീ വകുപ്പുകളും അനധികൃത സ്ഥാപനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വാഹന യാത്രക്കാർ പരാതിപ്പെട്ടു.