പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ ജീവനാഡി
1373709
Monday, November 27, 2023 1:09 AM IST
വടക്കഞ്ചേരി: നിർമാണ പ്രവൃത്തികൾ പകുതിയും പിന്നിട്ട പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൽ നിന്നുള്ള മിനി ജലവൈദ്യുത പദ്ധതിക്ക് അനുഗ്രഹമായത് കുത്തനെയുള്ള മലഞ്ചെരിവും ഉയരങ്ങളിൽ നിന്നുള്ള വെള്ളച്ചാട്ടവും.
മലമുകളിലുള്ള പാലക്കുഴി തോട്ടിൽ നിന്നും 222 മീറ്ററാണ് താഴെ കൊന്നക്കൽ കടവിലെ പവർഹൗസിലേക്കുള്ള വെള്ളത്തിന്റെ സമ്മർദ ദൂരം. ഇത് പ്രകൃതി തന്നെ ഒരുക്കിയിട്ടുള്ള വലിയ അനുഗ്രഹമാണ്.
ജില്ലാ പഞ്ചായത്തിന്റെ ആദ്യ ജല വൈദ്യുത പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതിക്കും ഇതേ അനുകൂല ഘടകങ്ങളായിരുന്നെന്ന് അധികൃതർ പറഞ്ഞു. പവർഹൗസിൽ നിന്നും മലയിലേക്കുള്ള ഹെഡിന്റെ ഉയരമാണ് പാലക്കുഴി പദ്ധതി വിഭാവനം ചെയ്യാൻ തന്നെ കാരണമായത്. നല്ല ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം, അതല്ലെങ്കിൽ വർഷത്തിൽ എല്ലാ മാസങ്ങളിലുമുള്ള ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് വൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ഉൽപാദനച്ചെലവും അതിൽ നിന്നുള്ള വൈദ്യുതി ഉൽപാദന തോതും വരുമാനവും പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു പ്രധാന ഘടകങ്ങളാണ്.
പാലക്കുഴി പദ്ധതിയിൽ ജലലഭ്യത കുറവാണെങ്കിലും വെള്ളച്ചാട്ടത്തിന്റെ ഉയരമാണ് പദ്ധതി നടപ്പിലാക്കാൻ സഹായിച്ചിട്ടുള്ളത്.
വർഷത്തിൽ 3.78 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം വച്ചിട്ടുള്ളത്. സ്റ്റോറേജ് സ്കീം എന്നതിനു പകരം റൺ ഓഫ് ദി റിവർ സ്കീമായാണ് പാലക്കുഴി പദ്ധതിയുള്ളത്.
ഒഴുകി വരുന്ന വെള്ളത്തിന്റെ തോതനുസരിച്ചാകും വൈദ്യുതി ഉൽപാദനം നടക്കുക. പദ്ധതിക്കുള്ള തടയണയുടെ നിർമാണം 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.
തടയണയിൽ നിന്നും മലഞ്ചെരിവിലൂടെ പൗർഹൗസിലേക്കുള്ള വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കലാണ് ഇനിയുള്ള ദുർഘടപണി.
ഇതിന് വിദഗ്ധ ലേബർ ടീമും മറ്റു യന്ത്ര സംവിധാനങ്ങളും ആവശ്യമാണ്.
കോവിഡും പ്രളയവും അതിജീവിച്ച് കുതിക്കുന്ന പദ്ധതി വൈകാതെ തന്നെ യാഥാർഥ്യമാകും എന്ന പ്രതീക്ഷയാണ് പാലക്കുഴിക്കാർക്കുള്ളത്.