കൊമ്പുകോർക്കൽ; കുറവൻപാടിയിൽ രണ്ടു കലമാനുകൾ ചത്തു
1373708
Monday, November 27, 2023 1:09 AM IST
അഗളി: കുറവൻപാടിയിൽ കൊമ്പുകോർത്ത രണ്ട് കലമാനുകൾ മരണത്തിന് കീഴടങ്ങി. എട്ടുവയസ് പ്രായം വരുന്ന ആരോഗ്യമുള്ള കലമാനുകളാണ് ചത്തതെന്നു വനപാലകർ പറഞ്ഞു.
അഗളി പഞ്ചായത്തിൽ ശിരുവാണി പുഴയോരത്ത് ഇറിഗേഷൻ വകുപ്പ് പൊന്നിൻവിലയ്ക്കെടുത്ത സ്ഥലത്താണ് കൂറ്റൻ കലമാനുകൾ കൊമ്പുകോർത്തത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട കൊന്പുകോർക്കലിന്റെ ലക്ഷണങ്ങൾ പ്രദേശത്ത് കാണുന്നുണ്ട്. മാനുകൾ കൊമ്പുകോർത്ത് മരണപ്പെടുന്നത് അപൂർവ സംഭവമാണെന്ന് വനപാലകർ പറഞ്ഞു.
ഇന്നലെ രാവിലെ പ്രദേശവാസികളാണ് മാനുകളെ ചത്തനിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. സുമേഷിന്റെ നിർദേശപ്രകാരം മാനുകളുടെ ജഡം ഗൂളിക്കടവ് ഫോറസ്റ്റ് ക്യാമ്പിലെത്തിച്ചു നടപടികൾക്കുശേഷം മറവുചെയ്തു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.എ. സതീഷ്, ഫോറസ്റ്റർ വള്ളിയമ്മ, ബിഎഫ്ഒ ഫൈസൽ റഹ്്മാൻ, ആർആർടി സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വന്യമൃഗശല്യം അതിരൂക്ഷമാണെന്ന്നാട്ടുകാർ പരാതിപ്പെട്ടു.