നിർമാണം പൂർത്തിയായിട്ടും താലൂക്ക് ആശുപത്രിക്കായി കാത്തിരിപ്പ് നീളുന്നു
1340026
Wednesday, October 4, 2023 1:07 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ കോടികൾ ചിലവഴിച്ച് കെട്ടിട സമുച്ചയം നിർമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തന സജ്ജമാവാത്തതിൽ ജനകീയ പ്രതിഷേധമുയരുന്നു.
ചിറ്റൂർ - തത്തമംഗലം നഗരസഭ മറ്റും സമീപ പഞ്ചായത്തുകളായ നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, പട്ടഞ്ചേരി, പെരുമാട്ടി പുതുനഗരം, പൊൽപ്പുള്ളി പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനു പേർ താലൂക്ക് ആശുപത്രിയിലാണ് ചികിത്സക്കെത്തുന്നത്.
നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇതു പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. 70 കോടി ചിലവിൽ ഏഴ് നിലക്കെട്ടിടമാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ഇതിൽ ചികിത്സ ഉപകരണങ്ങൾ എത്താത്തതാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
എന്നാൽ കെട്ടിട്ടത്തിന്റെ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന നിലവിലെ മുറികളിൽ നിന്നും പുതിയ കെട്ടിട്ടത്തിലേയ്ക്ക് ചികിത്സ മാറ്റണമെന്നതാണ് ജനകീയാവശ്യം. നിലവിലെ ഒപി കൗണ്ടറിൽ ചികിത്സക്കെത്തുന്നവർ നില്ക്കാൻ പോലും സ്ഥലമില്ലാതെ വീർപ്പുമുട്ടുകയാണ്. വിഷുവിനും പിന്നീട് ഓണത്തിനും പുനർനിർമിച്ച കെട്ടിടത്തിലേയ്ക്ക് ചികിത്സ മാറ്റുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതു നടന്നില്ല. ഇനി എപ്പോൾ പുതിയ ബ്ലോക്ക് ചികിത്സ മാറ്റാൻ കഴിയുമെന്നും അധികൃതർക്ക് പറയാനും കഴിയുന്നില്ല.
മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 22.47 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതും ഉൾപ്പെടെ 70.51 കോടിയാണ് നിർമാണ ത്തുക വകയിരുത്തിയിരിക്കുന്നത്.
ഉപകരണങ്ങളെത്തിയാൽ ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തി ചികിത്സ നടത്താൻ കഴിയുമെന്നും ആശുപത്രി അധികൃതർ പറയുന്നു. നിർമാണം പൂർത്തിയായ കെട്ടിടത്തിൽ കാഷ്വാലിറ്റി, കാഷ്വാലിറ്റി വെയിറ്റിംഗ് ആൻഡ് എംആർഐ വെയിറ്റിംഗ്, രജിസ്ട്രേഷൻ, ട്രിയേജ് , ട്രോമാ ഐസിയു, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഇഞ്ചക്ഷൻ റൂം, റിസ്യൂസിറ്റേഷൻ, പ്രൊസീജ്യർ റൂം , പിഐ പ്ലാസ്റ്റർ റൂം, ഇസിജി , എംആർഐ സ്കാൻ , സിടി സ്കാൻ , എക്സറേ , അൾട്രാസൗണ്ട് തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.