അട്ടപ്പാടിയിലെ വിദ്യാർഥികളുടെ പുരോഗതി ലക്ഷ്യം: മാതൃകാ വിദ്യാഭ്യാസ സമിതി യോഗം
1339851
Monday, October 2, 2023 12:45 AM IST
അഗളി : അട്ടപ്പാടിയിൽ അഗളി ബിആർസിയുടെ കീഴിലുള്ള ഷോളയൂർ ഗ്രാമപഞ്ചായത്തിൽ മാതൃകാ വിദ്യാഭ്യാസ സമിതി നടന്നു. യോഗത്തിൽ ഉയർന്നു വന്ന ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർഥികൾക്ക് അടിസ്ഥാന ഭാഷാ, ഗണിതശേഷികൾ ലഭിക്കത്തക്കവിധമുള്ള പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നല്കാൻ തീരുമാനിച്ചു.
കുട്ടികളെ വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി ഐടിഡിപി, ഐസിഡിഎസ്, കുടുംബശ്രീ എന്നിങ്ങനെയുള്ള സംവിധാനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചു. അട്ടപ്പാടി മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായാണ് സമിതി പ്രവർത്തിക്കുന്നത്. പഞ്ചായത്തുതലത്തിലുള്ള വിദ്യാഭ്യാസ സമിതികൾ പ്രവർത്തനക്ഷമവും കാര്യക്ഷമവുമാക്കുകയാണ് സമിതിയുടെ ലക്ഷ്യം.
യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂർത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി.
സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ സി.സുരേഷ് കുമാർ, അഗളി ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ്, ട്രെയിനർ എം.നാഗരാജ്, സ്ഥിരം സമിതി അധ്യക്ഷരായ ലതാകുമാരി, എം.ആർ. ജിതേഷ്, ഡി.രവി, മറ്റ് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും പ്രിൻസിപ്പാൾമാർ, പ്രധാനധ്യാപകർ, പിടിഎ പ്രസിഡന്റ്, എസ്.ആർ.ജി കണ്‍വീനർ, എംപിടിഎ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.