ഡ്രൈവർമാരും കണ്ടക്ടർമാരും അറിയാൻ... ലൈസൻസ് ഇല്ലെങ്കിൽ കുടുങ്ങും
1339537
Sunday, October 1, 2023 1:33 AM IST
ഒറ്റപ്പാലം: സ്വകാര്യ ബസുകളിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ലൈസൻസ് ഇല്ലാതെ സർവീസ് നടത്തുന്നതായി എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി. സ്വകാര്യ ബസുകളിൽ ലൈസൻസ് പരിശോധന ശക്തമാക്കാൻ അധികൃതർ നടപടികൾ തുടങ്ങി.
നേരത്തെ ഒറ്റപ്പാലത്ത് വിദ്യാർഥിനിയ്ക്ക് യാത്രാ ഇളവു നല്കാതെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവം വിവാദമായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു.
ഇതു പ്രകാരം സ്വകാര്യ ബസ് കണ്ടക്ടർക്കു ലൈസൻസ് ഇല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ മോട്ടോർവാഹന വകുപ്പ് വ്യാപകമായി പരിശോധന നടത്താനാണ് നടപടികൾ അനുവർത്തിച്ചിരിക്കുന്നത്.
ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിലായി സ്വകാര്യ ബസുകളിൽ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആറ് കണ്ടക്ടർമാർക്കു ലൈസൻസ് ഇല്ലെന്നു കണ്ടെത്തിയിരുന്നു. ഇവർക്കു പിഴയും ചുമത്തി.
കണ്ടക്ടർ ലൈസൻസ് എടുത്ത ശേഷമേ ഇനി ബസിൽ ജോലിക്കു കയറാവൂ എന്നു കർശന നിർദേശവും നല്കി. കഴിഞ്ഞയാഴ്ചയാണു കണ്ണിയംപുറം വള്ളുവനാട് ആശുപത്രി സ്റ്റോപ്പിൽ നിന്നു ബസ് കയറിയ എൻജിനീയറിങ് വിദ്യാർഥിനിയെ യാത്രാ ഇളവു നൽകാതെ ജീവനക്കാർ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കിവിട്ടത്.
വിദ്യാർഥിനിയുടെ പരാതിയിൽ മോട്ടർവാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ, കണ്ടക്ടറുടെ ലൈസൻസ് 6 വർഷം മുൻപു കാലാവധി തീർന്നതാണെന്നു കണ്ടെത്തിയിരുന്നു.
ഇതോടെയാണു സ്വകാര്യ ബസുകളിൽ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്ന കണ്ടക്ടർമാർ വർധിച്ചതായി ഉദ്യോഗസ്ഥർക്കു സൂചന ലഭിച്ചത്. പാലക്കാട്–കുളപ്പുള്ളി, പാലക്കാട്–ചെർപ്പുളശ്ശേരി, ചെർപ്പുളശ്ശേരി–ഒറ്റപ്പാലം റൂട്ടുകളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന. 3 റൂട്ടുകളിലും ലൈസൻസില്ലാതെ ജോലി ചെയ്യുന്ന കണ്ടക്ടർമാരെ കണ്ടെത്താനായി.
6 പേരും ഇതുവരെ ലൈസൻസ് എടുക്കാത്തവരാണെന്നും മോട്ടോർ വാഹനവകുപ്പ് കണ്ടെത്തി. ടിക്കറ്റ് നൽകാത്ത 12 ബസ് ജീവനക്കാർക്കെതിരെയും എൻഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തു. പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.