‘മുഞ്ഞ രോഗം: കൃഷി നശിച്ച കർഷകർക്ക് ഇന്ഷ്വറന്സ് പരിരക്ഷ നല്കണം’
1338404
Tuesday, September 26, 2023 1:03 AM IST
നെന്മാറ : ഒന്നാം വിള നെൽ കതിരുകൾ വിളഞ്ഞു തുടങ്ങിയ നെൽപ്പാടങ്ങളിൽ മുഞ്ഞരോഗം വ്യാപകമായി പടർന്നു പിടിക്കുന്നു. നെല്ല് പൂർണ്ണമായും പഴുത്തു തുടങ്ങാത്തതിനാൽ മുഞ്ഞ ബാധിച്ച് നെൽപ്പാടങ്ങൾ കൊയ്യുന്നതിന് പത്തുദിവസത്തിലേറെ സമയം വേണ്ടിവരും.
കൊയ്ത്തിനു പാകമാകുമ്പോഴേക്കും 50 ശതമാനത്തിലേറെ ചെടികൾ അഴുകി തുടങ്ങി. കേന്ദ്രസർക്കാറിന്റെ കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് ചേർന്ന കർഷകർക്കും സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസിൽ ചേർന്ന കർഷകർക്കും മുഞ്ഞബാധ മൂലം ഉണ്ടാകുന്ന വിള നാശത്തിന് നഷ്ടപരിഹാരം നല്കണമെന്നാണ് കർഷകരുടെ ആവശ്യം.
കീട വ്യാപനത്തിന്റെ തോത് വർധിച്ചാൽ മാത്രമേ സാധാരണഗതിയിൽ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷപ്രകാരം നഷ്ടപരിഹാരം ലഭിക്കുകയുള്ളു. ഇൻഷുറൻസ് പരിരക്ഷപ്രകാരം നഷ്ടപരിഹാരം നല്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി എത്രയും വേഗം കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് നെന്മാറ, അയലൂർ മേഖലയിലുള്ള വിവിധ പാടശേഖര സമിതികൾ ആവശ്യപ്പെടുന്നത്. കൃഷി വിദഗ്ധർ കൃഷിയിടങ്ങൾ സന്ദർശിച്ച് ഉയർന്ന തോതിലുള്ള നഷ്ടപരിഹാരം ഉടനടി കർഷകർക്ക് നല്കണമെന്നാണ് കർഷകരുടെ ആവശ്യം.
അയിലൂർ നെന്മാറ പഞ്ചായത്തുകളിലെ പൊടിവിത നടത്തി ഒന്നാം വിളയിറക്കിയ നെൽ പാടങ്ങളിലാണ് മുഞ്ഞ വ്യാപകമായി ആക്രമണം തുടങ്ങിയത്. ഏറെ ദിവസങ്ങൾക്ക് ശേഷം പെയ്ത കാലവർഷം പകൽ സമയങ്ങളിൽ ചാറ്റൽ മഴയായി പെയ്തു തുടങ്ങിയതോടെ കീടബാധയുള്ള ഭാഗങ്ങളിൽ കീടനാശിനി തളിക്കാൻ കഴിയാത്ത സ്ഥിതിയായി.
തളിപ്പാടം, ചാത്തമംഗലം, ചാട്ടിയോട് പാടശേഖരങ്ങളിലെ പഴുത്തു തുടങ്ങിയ നെൽച്ചെടികളിലാണ് വ്യാപകമായി മുഞ്ഞ ബാധ കാണപ്പെട്ടത്. നെൽച്ചെടിയുടെ ചുവടുഭാഗത്ത് കൂട്ടമായിരുന്ന് നീരൂറ്റി കുടിക്കുന്നതിനാൽ നെൽച്ചെടികളുടെ ചുവടുഭാഗം അഴുകി വെള്ളത്തിൽ വീണ് ചുരുങ്ങിയ ദിവസങ്ങൾ അഴുകി നശിക്കുകയാണ് ചെയ്യുന്നത്.
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ അതിവേഗം രോഗ വ്യാപനം കൂടുന്നു. പാടശേഖരങ്ങളിലെ വെള്ളം വാർത്തു കളഞ്ഞ് കീടനാശിനി തളിക്കാനാണ് നിർദ്ദേശമുള്ളത്. വിളഞ്ഞു തുടങ്ങിയ നെൽപ്പാടത്ത് ചെടികൾ വകഞ്ഞു മാറ്റി ചെടികളുടെ ചുവട്ടിൽ വീഴത്തക്ക വിധം മരുന്നു തളിക്കുക എന്നത് ഏറെ ദുഷ്കരമാണ്.
ചെടികൾക്ക് വലിപ്പം വന്നതിനാലും പൊടിവിത നടത്തിയ പാടങ്ങളാതിനാൽ നെൽച്ചെടികൾ തമ്മിലുള്ള അകലം കുറവായതും രോഗ വ്യാപനത്തിന് കൂട്ടൂന്നു.
ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും മരുന്നു തളിച്ച് രണ്ടുമൂന്ന് മണിക്കൂറെങ്കിലും മഴ ഒഴിവായ ഇടവിള കിട്ടാത്തതും രോഗ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു. കീടനാശിനി പ്രയോഗത്തിന് തുടരെയുള്ള മഴ തടസമാകുന്നു.