പുഴകൾ നിറഞ്ഞൊഴുകാതെ കാലവർഷം കടന്നുപോകുന്പോള്..
1338398
Tuesday, September 26, 2023 12:58 AM IST
വടക്കഞ്ചേരി: മേഖലയിൽ പുഴകൾ നിറഞ്ഞൊഴുകാത്ത വർഷമായി മാറുകയാണ് കടന്നുപോകുന്ന 2023ലെ കാലവർഷം. ഇതൊരു അപൂർവ സംഭവമാണ്.
ജില്ലയിൽ തന്നെ മണ്ണാർക്കാട് ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടായിട്ടും വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ ഇടവേളയ്ക്കു ശേഷവും കാര്യമായ മഴ ലഭിക്കുന്നില്ല.
ചെറിയ പ്രദേശങ്ങളായിട്ടാണ് പലപ്പോഴും ഇവിടെ മഴ പെയ്യുന്നത്. അത് അര കിലോമീറ്ററോ ഒരു കിലോമീറ്ററോ ചുറ്റളവിലുമാകും. ഇത്രയും മഴക്കുറവ് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു പോലും കർഷകർക്കും ഓർമയില്ല.
മിഥുനം, കർക്കടക മാസങ്ങളിൽ മഴയില്ലാതെ പച്ചക്കറികളും റീ പ്ലാന്റ് ചെയ്ത തോട്ടങ്ങളിലും നനയ്ക്കൽ നടത്തേണ്ട സ്ഥിതിയുണ്ടായി. വെള്ളത്തിന്റെ ഒഴുക്കില്ലാത്തതിനാൽ വേനലിലും മറ്റും തള്ളിയ മാലിന്യ ചാക്കുകളെല്ലാം ഇപ്പോഴും പുഴകളിൽ കൂടി കിടക്കുകയാണ്.
കാലവർഷത്തിൽ പുഴകളും തോടുകളും നിറഞ്ഞ് വെള്ളം കുത്തിയൊഴുകി പോകുമ്പോൾ മാലിന്യങ്ങൾ നീങ്ങി പരിസരമാകെ കഴുകി വൃത്തിയാക്കുന്ന പ്രക്രിയ കൂടി നടന്നിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇനി കാര്യമായ മഴ പ്രതീക്ഷിക്കാനുമാകില്ല. പുഴകളിലും പരിസരപ്രദേശങ്ങളിലും മാലിന്യം തങ്ങിനിൽക്കുന്നത് ഇനി രോഗ വ്യാപനങ്ങൾക്കും കാരണമാകും. മംഗലംഡാമിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്രയും വൈകി ഡാം നിറയുന്ന സ്ഥിതി ഉണ്ടാകുന്നത്.
വെള്ളം നിറഞ്ഞ് ജൂണിലോ ജൂലൈയിലോ മംഗലാംഡാമിന്റെ ഷട്ടറുകൾ തുറക്കാറുണ്ടായിരുന്നു. എന്നാൽ സെപ്റ്റംബർ മാസം അവസാനമാകുമ്പോഴും ഡാമിലെ ജലനിരപ്പ് പരമാവധിയിൽ എത്തുന്നതേയുള്ളൂ. മഴ കുറവായതിനാൽ ഷട്ടറുകൾ തുറന്നു പുഴയിലേക്ക് വെള്ളം വിട്ട് പാഴാക്കാനും കഴിയില്ല. മഴയുടെ കുറവ് റബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയ ദീർഘകാല വിളകൾക്കും വലിയ ദോഷം ചെയ്യുമെന്നാണ് കർഷകരും ചൂണ്ടിക്കാട്ടുന്നത്. ചൂടുകൂടി ഉത്പാദനം കുറയും. മഴയുടെ കുറവ് വേനൽ തുടങ്ങും മുമ്പ് കുടിവെള്ള ക്ഷാമത്തിനും വഴിവയ്ക്കും.
മേഖലയിൽ മഴ കുറയുന്നതിന് പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയപാതയ്ക്കായി കുന്നുകൾ ഇടിച്ചു നിരത്തിയതും കുതിരാൻ മല തുരന്നതും മഴയുടെ കുറവിന് കാരണമാകുന്നതായി പഠനങ്ങളിലുണ്ട്.