ജലവൈദ്യുത പദ്ധതി ലാഭകരമാക്കിയ ജില്ലാ പഞ്ചായത്ത് രാജ്യത്തിന് മാതൃക: മന്ത്രി എം.ബി. രാജേഷ്
1338397
Tuesday, September 26, 2023 12:58 AM IST
പാലക്കാട്: ജലവൈദ്യുത പദ്ധതി ലാഭകരമായി ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ചതിലൂടെ ജില്ലാ പഞ്ചായത്ത് രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡിന്റെ 25 ാമത് വാർഷിക ജനറൽ മീറ്റിംഗ്് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് വൈദ്യുതി ഉത്പാദന പദ്ധതിയിലേക്ക് മുന്നിട്ടിറങ്ങുന്നത്. ധീരവും സാഹസികവുമായ തീരുമാനമാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് സ്വീകരിച്ചത്. ആ തീരുമാനം രാജ്യത്തിനാകെ മാതൃകയാണ്.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെയാണ് വേറിട്ട് നിൽക്കുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഈ പദ്ധതിക്ക് പുറമേ ഒരു മെഗാ വാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. കൂടം, മീൻവല്ലം ടൈൽ റൈസ് പദ്ധതി, ലോവർ വട്ടപ്പാറ തുടങ്ങിയ പ്രോജക്ടുകൾക്കുള്ള എല്ലാ പിന്തുണയും തദ്ദേശ വകുപ്പ് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു.
ഒരു പ്രോജക്ട് തുടങ്ങുന്നതിന് മുൻപ് അത് എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ലക്ഷ്യം വെച്ച് നീങ്ങിയാൽ വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാലക്കാട് ജില്ലാ പഞ്ചായത്തിന് തന്നെ ചെയ്യാൻ സാധിക്കുന്ന പ്രോജക്ട് ആണ് വട്ടപ്പാറ. ഒരു പ്രോജക്ട് ഏറ്റെടുത്താൽ എന്ന് ഉദ്ഘാടനം നടത്താനാവുമെന്ന് വിലയിരുത്തി വേണം പണി തുടങ്ങാൻ. ദീർഘകാലം എടുക്കാതെ വേഗത്തിൽ പദ്ധതികൾ പൂർത്തീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. കെ. ശാന്തകുമാരി എംഎൽഎ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, പിഎസ്എച്ച്സിഎൽ മുൻ ചെയർമാൻ ടി.എൻ കണ്ടമുത്തൻ, മുൻ ചീഫ് എൻജിനീയർ ഇ.സി. പത്മരാജൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, ചീഫ് എൻജിനീയർ പ്രസാദ് മാത്യു പങ്കെടുത്തു.