ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സൗകര്യമില്ല
1338084
Monday, September 25, 2023 12:32 AM IST
ഒറ്റപ്പാലം:താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സൗകര്യമില്ല. നിലവിലുള്ള ആംബുലൻസിന്റെ കാലാവധി കഴിഞ്ഞതാണ് പ്രശ്നകാരണം.
ആശുപത്രിയിൽ രണ്ട് ആംബുലൻസുകളുള്ളതിൽ ഒന്നുമാത്രമേ ഇപ്പോൾ ഉപയോഗിക്കാനാകുന്നുള്ളു.
ഈ ആംബുലൻസാകട്ടെ എപ്പോഴും കട്ടപ്പുറത്തുമാണ്. ഒരു ആംബുലൻസ് അപകത്തിൽപ്പെട്ടതിനെ തുടർന്ന് പ്രവർത്തനക്ഷമതാ സർട്ടിഫിക്കറ്റ് റദ്ദായതാണ് പ്രതിസന്ധിക്കു മറ്റൊരു കാരണം.
വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് കൊണ്ടുപോകാൻ ഒരു ആംബുലൻസ് ഉള്ളതുമില്ലാത്തതും ഒരുപോലെയാണ്.
അപകടങ്ങളിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് വരുന്നവരുടെ ബന്ധുക്കളാണ് ഇതു മൂലം ബുദ്ധിമുട്ടുന്നത്.
പെട്ടെന്ന് പോകേണ്ട സാഹചര്യത്തിൽ ആംബുലൻസിനായി കാത്തുനില്‍ക്കേണ്ടിവരുന്ന പലരും സ്വകാര്യ ആംബുലൻസുകളെയാണ് ആശ്രയിക്കുന്നത്.
108 ആംബുലൻസാണ് ആശുപത്രിയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ കാലാവധി ഏഴുമാസം മുൻപ് തീർന്നുവെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നത്.
2019 ജനുവരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ പ്രവർത്തനക്ഷമത 2023 ഫെബ്രുവരിയിലാണ് തീർന്നിരിക്കുന്നത്.
വടക്കഞ്ചേരിയിൽ നടന്ന അപകടത്തെത്തുടർന്നാണ് പ്രവർത്തനക്ഷമതാ സർട്ടിഫിക്കറ്റ് റദ്ദാക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആംബുലൻസിന്റെ ചക്രങ്ങളുടെ ഭാഗത്തും യന്ത്രത്തിന്റെ ഭാഗത്തുമുള്ള തകരാർ പരിഹരിച്ചെങ്കിൽ മാത്രമേ ആംബുലൻസ് പുറത്തിറക്കുകയുള്ളു.ഇതിനുവേണ്ടി ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.