വാനരശല്യത്തിൽ പൊറുതിമുട്ടി കർഷകർ
1338081
Monday, September 25, 2023 12:32 AM IST
കല്ലടിക്കോട്: കല്ലടിക്കോടൻ മലയോര മേഖലയിലെ കൃഷിയിടങ്ങളിൽ കുരങ്ങുകൾ കൂട്ടത്തോടെ എത്തി നാളികേരങ്ങൾ പിഴുതെടുത്ത് നശിപ്പിക്കുന്നത് പതിവായി.
വിളയുന്നതിൽ പാതിയിലേറെ കുരങ്ങുകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലായി. രാധാകൃഷ്ണൻ കരിമ്പയുടെ പാങ്ങിലെ തോട്ടത്തിൽ മാത്രം ആയിരത്തിലേറെ തേങ്ങകളാണ് ഇളനീർ പരുവത്തിനുംമുൻപ് കുരങ്ങുകൾ നശിപ്പിച്ചത്.
അന്പതിലേറെ വരുന്ന കുരങ്ങുകളാണ് കൂട്ടമായി എത്തി മച്ചിങ്ങ മുതൽ ഇളനീർ പരുവത്തിനും ഇടയിൽ വിള നശിപ്പിക്കുന്നത്. 200 തെങ്ങുകളിൽ നിന്നായി 3000 കിലോ തേങ്ങ ഒറ്റത്തവണ ലഭിക്കുന്ന സ്ഥാനത്ത് 1300 കിലോയാണ് ഇത്തവണ ലഭിച്ചത്. വിലയിടിവിനൊപ്പം കുരങ്ങു ശല്യവും മലയോരത്തെ തെങ്ങുകർഷകർക്ക് ഭീഷണിയാണ്. സമാന പ്രശ്നം പ്രദേശത്തെ മറ്റു കർഷകരും നേരിടുന്നുണ്ട്. വീട്ടിൽ തെങ്ങുണ്ടായിട്ടും ആവശ്യത്തിന് പുറത്തുനിന്നും തേങ്ങ വാങ്ങേണ്ട അവസ്ഥയും പല വീടുകളിലുമുണ്ട്.
മലയിൽ നിന്നും കൂട്ടമായി എത്തുന്ന കുരങ്ങുകളെ തുരത്താൻ കർഷകർ പല പ്രതിരോധ മാർഗങ്ങൾ ചെയ്തു നോക്കിയിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണ്. കാട്ടാന ശല്യവും പ്രദേശത്ത് വ്യാപകമാണ്.
കാട്ടാനകളും പുള്ളിമാനുകളും പന്നികൂട്ടങ്ങളും റബറിന്റെ തൊലികടിച്ചും ഉരുമിയും നശിപ്പിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നതും പതിവാണ്. വന്യ മൃഗശല്യം കാരണം പ്രദേശത്ത് എന്തുകൃഷി ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് മലയോര കർഷകർ.