കാഞ്ഞിരപ്പുഴ ഡാം ഷട്ടർ വീണ്ടും ഉയർത്തി
1337690
Saturday, September 23, 2023 1:41 AM IST
മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ മലയോര മേഖലകളിലും ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ഇന്നലെ വൈകുന്നേരം ആറു മണിയോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 35 സെന്റീമീറ്ററോളം ഉയർത്തി.
നീരാഴുക്ക് കൂടിയാൽ 65 സെന്റീമീറ്റർ വരെ ഡാം ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. പാലക്കയം, ഇരുമ്പകച്ചോല മലകളിൽ പെയ്യുന്ന മഴയാണു പ്രധാനമായും കാഞ്ഞിരപ്പുഴയുടെ സ്രോതസ്.
നിലവിൽ ഡാമിൽ 96 മീറ്റർ ജലനിരപ്പുണ്ട്. പരമാവധി സംഭരണ ശേഷി 97.50 മീറ്ററാണെങ്കിലും 93 മീറ്ററിലെത്തിയാൽ മഴ തുടരുകയാണെങ്കിൽ സംരക്ഷണം ഉറപ്പാക്കി ഡാം ഷട്ടറുകൾ തുറക്കാറുണ്ട്.