പാലക്കയത്തും ചുള്ളിയാംകുളത്തും കടകളിൽ വെള്ളം കയറി
1337688
Saturday, September 23, 2023 1:41 AM IST
പാലക്കയം: മലയോര മേഖലയിൽ കനത്ത മഴയെത്തുടർന്ന് പാലക്കയത്തും ചുള്ളിയാംകുളത്തും വെള്ളംകയറി. പാലക്കയം ടൗണിലെ കുരിശടിയുടെ സമീപത്തുള്ള കടകളിൽ വെള്ളം കയറി. കടകളിലുണ്ടായിരുന്ന സാധനങ്ങൾ വെള്ളം കയറി നശിച്ചു.
പുഴയുടെ സമീപത്തെ തെങ്ങിൻതോട്ടങ്ങളിൽ നിന്നു നൂറുകണക്കിന് നാളികേരങ്ങൾ ഒഴുകിപോയി. പാലക്കയം കാർമൽ സ്കൂളിൽ വെള്ളം കയറി. ചുള്ളിയാംകുളത്ത് വെള്ളം കയറി നിരവധി വീടൂകളിലും ചായക്കടയിലും വെള്ളം കയറി. പുഴ കവിഞ്ഞ് വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് പാലക്കയത്ത് വീടിനുള്ളിൽ കുടുങ്ങിപോയ രോഗികളായ പതിനെട്ടിൽ തോമസ് കുട്ടി, ഭാര്യ, മക്കൾ എന്നിവരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
ആളുകൾ വീടുകളിൽ നിന്നും മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറി. കരിമലയിൽ പെയ്ത ശക്തമായ മഴയാണ് തുപ്പനാട് പുഴയിലും പാലക്കയം പുഴയിലും വെള്ളം ഉയരാൻ കാരണം. പാലക്കയം വട്ടപ്പാറ, ഇരുട്ടുകുഴി, ചീനിക്കപ്പാറ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരമുതൽ തുടർച്ചയായി മണിക്കൂറുകൾ കനത്ത മഴ പെയ്യുകയായിരുന്നു.