ആറ്റാംചേരിക്കുളത്തിന്റെ ബണ്ടിടിഞ്ഞത് പുനർനിർമിക്കണമെന്നു നാട്ടുകാർ
1337684
Saturday, September 23, 2023 1:41 AM IST
ചിറ്റൂർ: പട്ടഞ്ചേരി ആറ്റാംചേരിക്കുളം ബണ്ടിടിഞ്ഞത് ഒന്നരവർഷമായിട്ടും പുനർനിർമിക്കാത്തതിൽ കർഷക പ്രതിഷേധം ശക്തം.ആറ്റാംചേരിയിൽ പതിനഞ്ചോളം കർഷകർക്ക് നെൽകൃഷിക്ക് കൂടുതൽ ജലസംഭരണ ത്തിനായി 2018 ൽ 48, 71,000 രൂപ ചെലവിലാണ് ബൃഹത്തായ നവീകരണം നടത്തിയത്.
കുളം ആഴപ്പെടുത്തി കോൺക്രീറ്റ് ഭിത്തികൾ നിർമിച്ച് സമീപവാസികൾക്കായി കുളിക്കടവും ശരിപ്പെടുത്തിയിരുന്നു. കുളത്തിന്റെ തെക്കുഭാഗത്ത് ബണ്ടിടിഞ്ഞതിനെ തുടർന്ന് മണ്ണിടിച്ചിലും ഉണ്ടാവുന്നുണ്ട്.
ഇതിനടുത്തായി ഒരു കുടുംബം താമസിക്കുന്നുമുണ്ട്. മണ്ണിടിച്ചിൽ വീണ്ടും ഉണ്ടായാൽ വീടിനും അപകടഭീഷണിയായിരിക്കുകയാണ്. ഇത്തവണ മഴക്കുറവായതിനാൽ മണ്ണിടിച്ചിൽ കൂടുതലായുണ്ടായിട്ടില്ല. എന്നാൽ കിഴക്കൻ മഴ ശക്തമായാൽ കുളത്തിനടുത്ത വീട്ടിൽ താമസം സുരക്ഷിതമല്ലാതാകുമെന്നത് താമസക്കാരെ ആശങ്കപ്പെടുത്തുന്നുമുണ്ട്. കൂമൻ കാട്ടിൽനിന്നു അമ്പാട്ടുപാളയത്തേക്കുള്ള യാത്രക്കാർ സഞ്ചരിക്കുന്നതും കുളത്തിനടുത്ത വീതി കുറഞ്ഞ റോഡിലാണ്.