കാഴ്ച മറച്ച് പരസ്യബോർഡുകൾ; അപകടസാധ്യത കൂടി
1337682
Saturday, September 23, 2023 1:41 AM IST
വടക്കഞ്ചേരി: പോക്കറ്റ് റോഡുകളിൽനിന്നു മെയിൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ കടകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ബോർഡുകൾ സ്ഥാപിക്കുന്നതുമൂലം കാഴ്ച മറച്ച് വാഹനങ്ങൾക്ക് തിരിഞ്ഞു പോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
ബോർഡുകൾ ടാർ റോഡിലേക്ക് കയറ്റിവയ്ക്കുന്നതാണ് പ്രശ്നമാകുന്നത്.
ഇതിനാൽ ഇടതു വലതു ഭാഗങ്ങളിൽ നിന്നും മറ്റു വാഹനങ്ങൾ വരുന്നുണ്ടോ എന്ന് നോക്കാൻ പോക്കറ്റ് റോഡുകളിൽ നിന്നുള്ള വാഹന ഡ്രൈവർമാർക്ക് കഴിയുന്നില്ല.
ഇതിനാൽ വാഹനം മെയിൻ റോഡിലേക്ക് കയറ്റി നിർത്തി വേണം ഇടവഴികളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് മെയിൻ റോഡിൽ മറ്റു വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തി പോകാൻ.
ഇങ്ങനെ വാഹനങ്ങൾ കയറ്റി നിർത്തുന്നത് ചിലപ്പോൾ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മംഗലത്ത് വില്ലേജ് ഓഫീസ് റോഡിൽ നിന്നും ദേശീയപാതയുടെ സർവീസ് റോഡിലേക്ക് തിരിയുന്നിടത്തും വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനു സമീപം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ റോഡിലേക്ക് കയറ്റി ബോർഡുകൾ സ്ഥാപിച്ച് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ചിലയിടങ്ങളിൽ റോഡ് സൈഡിലെ മരങ്ങളും ചെറിയ റോഡുകളിൽ നിന്നുള്ള വാഹനങ്ങൾക്ക് കാഴ്ച തടസപ്പെടുത്തുന്ന സ്ഥിതി ഉണ്ടാക്കുന്നുണ്ട്.