അട്ടപ്പാടിയിലെ തനത് ഉത്പന്നങ്ങൾ കുടുംബശ്രീയിലൂടെ വിപണിയിൽ
1337385
Friday, September 22, 2023 1:42 AM IST
അഗളി: ഹില്‍ വാലി പ്രൊഡക്ട്സ് എന്ന പേരില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ അട്ടപ്പാടിയില്‍നിന്നുള്ള തനത് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍.
അട്ടപ്പാടിയിലെ കുറുംബ വിഭാഗക്കാര്‍ കാട്ടില്‍നിന്നും ശേഖരിക്കുന്ന തേന്‍,കടുക്,കുടുംബശ്രീ ജെഎല്‍ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്)ഗ്രൂപ്പുകള്‍ ഉത്പാദിപ്പിക്കുന്ന ചാമ, റാഗി, ചോളം, കുന്തിരിക്കം, ചീര പൊരി, കുരുമുളക്, ഏലക്ക, ഗ്രാമ്പു, പട്ട, കാപ്പിപ്പൊടി തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.
മുക്കാലിയിലുള്ള ഗരിമ ഷോപ്പ്, അഗളി ഭൂതിവഴിയിലെ മധുവാണി, ആനക്കട്ടിയിലെ മല്ലീശ്വര എന്നീ സംഘങ്ങളുടെ കടകളിലൂടെയാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. അട്ടപ്പാടിയിലെ 788 അയല്‍ക്കൂട്ടങ്ങളിലായി 8954 കുടുംബശ്രീ അംഗങ്ങളുണ്ട്. അതില്‍ നിന്നുള്ള ചെറിയ ഗ്രൂപ്പുകളാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടക്കുന്ന വിവിധ മേളകളിലും അട്ടപ്പാടിയിലെ ഉത്പന്നങ്ങളെത്തുന്നുണ്ട്. വരുമാനത്തോടൊപ്പം സ്ഥിരം തൊഴില്‍ കൂടെ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ കുടുംബശ്രീ.