കെഎസ്ആര്‍ടിസി ചിറ്റൂര്‍ ഡിപ്പോ കെട്ടിടം ചോർന്നൊലിച്ചു നശിക്കുന്നു
1337093
Thursday, September 21, 2023 12:56 AM IST
ചിറ്റൂർ: മഴവെള്ളം ചോർന്ന് അനുദിനം നശിച്ചു വരുന്ന കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോ കെട്ടിടം പുനർനിർമിച്ച് കൂടുതൽ സർവീസുകൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഡിപ്പോ സന്ദർശിക്കുന്നവർക്ക് നേരിട്ടു ദൃശ്യമാകും. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ ജനൽ ചിതലരിച്ച നിലയിലാണ്.
ഭിത്തിവീണ്ടുകീറിയ നിലയിലും. ബസ് കളക്്ഷൻ സൂക്ഷിക്കുന്ന മുറിയുടെ സ്ഥിതിയും പരിതാാപകരമാണ്.
സംസ്ഥാന - അന്തർ സംസ്ഥാന സർവീസ് നടത്തുന്ന 37 ബസുകളിലെ വരുമാനം രാത്രിയിൽ സൂക്ഷിക്കാൻ സുരക്ഷയുള്ള മുറിയില്ല.
ഡ്രൈവർമാർ, കണ്ടക്ടർമാർ, ഡിപ്പോ സ്റ്റാഫുകൾ, വർക്ക്ഷോപ്പ് ജീവനക്കാർ ഉൾപ്പെടെ 200 പേർ ജോലി ചെയ്യുന്ന പൊതു സ്ഥാപനത്തിൽ ശുചിമുറികൾ പോലും ഉപയോഗപ്രദമല്ല.
34 വർഷം പിന്നിട്ട കെട്ടിടം പുനർനിർമിക്കാനുള്ള സമയം ഏറെ വൈകിയെന്നാണ് അധികൃതരും പറയുന്നത്. ജില്ലയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോയിലൊന്നാണ് ചിറ്റൂർ.
ചിറ്റൂർ പുഴപ്പാലത്തിനു സമീപത്ത് അഞ്ചേക്കർ വിശാലമായ സ്ഥലത്ത് 1984-ൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ് ബസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന് ശിലാസ്ഥാപനം നടത്തിയത്.
1991 ഗതാഗത മന്ത്രി കെ.ശങ്കരനാരായണൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. 2000 ൽ ഗതാഗതമന്ത്രി ഡോ. നീലലോഹിതാസൻ നാടാർ സ്റ്റേഷനെ ഡിപ്പോ ആക്കി ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
നേരത്തെ ബസ് പാർക്കിംഗ് കോമ്പൗണ്ട് നിർമാണത്തിന് 50 ലക്ഷം സർക്കാർ അനുവദിച്ചെങ്കിലും ഇതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം, ചോറ്റാനിക്കര, ഗുരുവായൂർ ഉൾപ്പെടെ നിരവധി ദീർഘദൂര സർവീസുകൾ ഉണ്ടായിരുന്നത് വിവിധ കാരണങ്ങളിൽ നിർത്തിവച്ചിരിക്കുകയാണ്.
ഇവയെലല്ലാം പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ നിരന്തര ആവശ്യം. പഴനി, മധുര തീർഥാടന കേന്ദ്രങ്ങളിലേക്ക് കൂടുതൽ അന്തർ സംസ്ഥാന ബസുകൾ തുടങ്ങണമെന്നതും നാട്ടുകാരുടെ ആവശ്യമാണ്.