തത്തമംഗലം സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങി; ഇരിപ്പിടമില്ലാതെ യാത്രക്കാർ വലയുന്നു
1301815
Sunday, June 11, 2023 6:42 AM IST
ചിറ്റൂർ: തത്തമംഗലം സ്റ്റാൻഡിൽ ബസുകൾ കയറിതുടങ്ങിയെങ്കിലുംഇരിപ്പിടങ്ങളില്ലാതെ കൈകുഞ്ഞുങ്ങളുമായി യാത്രക്കാർ വലയുന്നു.
ബസുകൾ സ്റ്റാൻഡിൽ വരാതിരുന്ന സമയത്ത് ഇതിനകത്തു ഏർപ്പെടുത്തിയിരുന്ന ഇരിപ്പിടങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. ഇരിപ്പിടങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പ്രാവിൻ കാഷ്ഠം നിറഞ്ഞു കിടപ്പാണ്. ശുചീകരണം നടത്താത്തതിനാലാണ് മാലിന്യം കൂടിയിരിക്കുന്നത്. കാലവർഷം തുടങ്ങിയാൽ ബസ് കാത്തുനിൽക്കാൻ സ്റ്റാൻഡ് മാത്രമാണ് ആശ്രയം. കോടികൾ ചിലവഴിച്ച് നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡ് ശുചീകരണത്തിനു തൊഴിലാളികളെ നിയമിക്കാത്തതിൽ പ്രതിഷേധമുണ്ട്.
എല്ലാ മാസവും താലൂക്ക് വികസന സമിതിയോഗത്തിൽ ബസ്സ്റ്റാൻഡുമായി ബന്ധപ്പെട്ട പരാതികൾ എത്താറുണ്ട്. താല്കാലിക പരിഹാരത്തിന് വികസന സമിതി നിർദേശം നല്കാറുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.
സാമൂഹ്യവിരുദ്ധർ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തു വില്പനയ്ക്ക് എത്തിതുടങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. ഇവരെ പിടികൂടാൻ സിസി ടിവി സ്ഥാപിക്കണമെന്നതും ആവശ്യമുണ്ട്. സ്റ്റാൻഡിൽ ഹോം ഗാർഡിനെ നിയോഗിച്ച് നീരീക്ഷണം നടത്താൻ വികസന സമിതി യോഗത്തിൽ നൽകിയ നിർദേശവും ഇതുവരേയും നടപ്പിലായിട്ടില്ല.