മയിലുംപുറം പാലത്തിന് ബലക്ഷയം; പുതിയ പാലത്തിനായി മുറവിളി
1301540
Saturday, June 10, 2023 12:42 AM IST
ഒറ്റപ്പാലം: മയിലുംപുറത്ത് പുതിയ പാലം നിർമിക്കാൻ തീരുമാനമായെങ്കിലും നിർമാണം അനന്തമായി നീളുന്നു.
ബലക്ഷയം ബാധിച്ച് എപ്പോൾവേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലുള്ള പാലത്തിന് പകരമാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നത്.
ഒറ്റപ്പാലം നഗരത്തിനടുത്ത് അന്പലപ്പാറ പഞ്ചായത്തിൽ പുളിഞ്ചോട്മയിലുംപുറത്തുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് പുതിയ പാലം എന്നത്.
മയിലുംപുറത്തെ പടിഞ്ഞാറ് ഭാഗത്തെ തോടിനുകുറുകെയാണ് പുതിയപാലം നിർമിക്കുന്നതിന് അനുമതിയായത്.
മുൻ എംഎൽഎ പി. ഉണ്ണിയുടെ ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുന്നതിന് തീരുമാനിച്ചത്. എട്ടുമീറ്റർ നീളത്തിൽ ഏകദേശം എട്ടുമീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. തോടിനിരുവശത്തും സംരക്ഷണഭിത്തികളും അപ്രോച്ച് റോഡും കൈവരികളും പാലംനിർമാണ പദ്ധതിയിലുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പാലത്തിനുതാഴെ കോണ്ക്രീറ്റ് പാളികളെല്ലാം അടർന്ന ുപോയിട്ടുണ്ട്.കോണ്ക്രീറ്റിനകത്തെ ഇരുന്പുകന്പികളെല്ലാം പുറത്ത് തെളിഞ്ഞുകാണുന്ന നിലയിലാണ്. കൈവരികളും തകർന്ന സ്ഥിതിയിലാണ്.
രണ്ടുവർഷമായി ഓരോ ഭാഗമായി തകരാൻ തുടങ്ങിയിട്ട്. ഇപ്പോൾ പാലത്തിന്റെ കീഴ്ഭാഗത്തെ പകുതിയോളം സ്ഥലത്തെ കോണ്ക്രീറ്റ് അടർന്നുപോയി ഇരുന്പുകന്പികൾ പുറത്തുകാണുന്നുണ്ട്. 2018 ലും 19ലുമുണ്ടായ പ്രളയത്തിലാണ് പാലം കൂടുതൽ തകർന്നത്. കൈവരികൾ തകർന്ന നിലയിലായതിനാൽ രാത്രിയിൽ കടന്നുപോകുന്ന വാഹനങ്ങൾ തോട്ടിലേക്ക് മറിയുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഈ പാലത്തിന് മുകളിലൂടെയായിരുന്നു നാട്ടുകാരുടെ യാത്ര.