തെന്നിലാപുരം പുതിയ പാലം വാഹനഗതാഗതത്തിന് തുറന്നു
1300493
Tuesday, June 6, 2023 12:36 AM IST
വടക്കഞ്ചേരി: പുളിങ്കൂട്ടം-ഇരട്ടക്കുളം റോഡിലെ തെന്നിലാപുരത്ത് പുഴക്ക് (തൊന്നാലി) കുറുകെ നിർമിച്ച പുതിയ പാലം താല്ക്കാലികമായി ഇന്നലെ രാവിലെ വാഹനഗതാഗതത്തിന് തുറന്നു കൊടുത്തു. സ്കൂൾ തുറന്നതിനാൽ കുട്ടികളുടെ യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ് പാലം തുറന്നിട്ടുള്ളത്.
പാലത്തിന്റെ ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളുടെ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. പാടൂർ ഭാഗത്തേക്കുള്ള റോഡ് നിർമാണവും കഴിഞ്ഞിട്ടില്ല. ടി ആകൃതിയിലാണ് ഇവിടെ പുതിയ പാലവും റോഡുകളും വരുന്നത്. പാലത്തിൽ നിന്നും തെന്നിലാപുരത്തേക്ക് പെട്ടെന്നുള്ള തിരിവായതിനാൽ രണ്ട് വലിയ വാഹനങ്ങൾക്ക് ഒന്നിച്ച് കടന്നു പോകാനും ബുദ്ധിമുട്ടുണ്ട്.
ഇത് പാലം നിർമാണത്തിലെ അപാകതയാണെന്ന് പറയുന്നു.
വളരെ ഉയരത്തിലാണ് പുതിയ പാലം നിർമിച്ചിട്ടുള്ളത്. ഏഴ് മീറ്റർ വരെ ഉയരമുണ്ട്. 78 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് മൂന്ന് സ്പാനുകളിലുള്ള പാലം യാഥാർഥ്യമായിട്ടുള്ളത്. ഏറ്റവും കനം കൂടിയ കന്പി ഉപയോഗിച്ചാണ് ഇതിന്റെ നിർമാണമെന്ന് അധികൃതർ പറഞ്ഞു.
2020 സെപ്റ്റംബർ 28നാണ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനു കീഴിൽ കിഫ്ബിയുടെ 9.21 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമാണം.
മഴക്കാലങ്ങളിൽ കൂടുതൽ ദിവസം വെള്ളത്തിൽ മുങ്ങി കിടക്കുന്ന പാലമായിരുന്നു ഇവിടുത്തെ ഉയരം കുറഞ്ഞ പഴയപാലം. മേഖലയിൽ ഇനി മഴക്കാലത്ത് വെള്ളം മുങ്ങുന്ന പാലങ്ങളായുള്ളത് കരിപ്പാലി, പാളയം, വണ്ടാഴി കൊഴുക്കുള്ളി പാലങ്ങളാണ്. ഈ മൂന്ന് പാലങ്ങൾ കൂടി പുനർനിർമിച്ചാൽ വെള്ളം മുങ്ങി പ്രദേശങ്ങൾ ഒറ്റപ്പെടുന്ന സ്ഥിതിക്ക് പരിഹാരമാകും.
തുടർച്ചയായ പ്രളയങ്ങൾ ഏറെ ഭീതി ജനിപ്പിച്ചെങ്കിലും വടക്കഞ്ചേരി മേഖലയിൽ അര ഡസനോളം പാലങ്ങളുടെ പുനർ നിർമാണത്തിന് പ്രളയങ്ങൾ വഴി വച്ചു.
വാഹന ഗതാഗതത്തിന് തുറന്ന മംഗലംപാലം, വടക്കഞ്ചേരി മണപ്പാടം റോഡിലെ കൊളയക്കാട് പാലം, മണപ്പാടം ആറങ്ങോട്ടുക്കടവ് പാലം, കിഴക്കഞ്ചേരി മന്പാട് പാലം എന്നിവയാണ് പുതിയ പാലങ്ങൾ.