ചാർളി മാത്യുവിന്റെ വീടിനു ചുറ്റും അപൂർവ ചെടികളും ഫലവൃക്ഷങ്ങളും വിസ്മയ കാഴ്ച
1300306
Monday, June 5, 2023 12:59 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: അപൂർവയിനം ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും കൗതുക കാഴ്ചകളാണ് പാലക്കുഴി വാണിയപ്പുരയിൽ ചാർലി മാത്യുവിന്റെ വീടിനു ചുറ്റും.
അയമോദകം, അശോക തെച്ചി മുതൽ ആയുർവേദ കൂട്ടുകളെല്ലാം തോട്ടത്തിലുണ്ട്. പഴവർഗങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങി കാണുന്നതെല്ലാം വിസ്മയ കാഴ്ചകൾ.
നാടൻ പ്ലാവുകൾക്കും മുന്തിയ പരിഗണനയുണ്ട്. 60 പ്ലാവ് മരങ്ങൾ തന്നെയുണ്ട്. മിനി ഉൗട്ടി എന്നറിയപ്പെടുന്ന പാലക്കുഴിയിൽ പൊതുവെ എല്ലാ വിളകൾക്കും നല്ല വളക്കൂറുള്ള മണ്ണാണ്.
കുരുമുളകാണ് മുന്നിൽ. റബർ ഒപ്പമുണ്ട്. ഏലം, കൊക്കോ തുടങ്ങിയ വിളകളും കുറവല്ല. വീട്ടുമുറ്റങ്ങളിലെ മുന്തിരിപ്പന്തലുകളും കൊതിയൂറുന്ന ദൃശ്യങ്ങളാണ്.
മാങ്കോസ്റ്റിൻ, റംബുട്ടാൻ, മുട്ടപ്പഴം തുടങ്ങി പഴവർഗങ്ങളുടെ കലവറ തന്നെയാണ് ഇവിടുത്തെ ഓരോ തോട്ടങ്ങളും. തെങ്ങും കവുങ്ങും പ്രതീക്ഷക്കൊത്ത് വളരാത്തതിന്റെ വിഷമം ഇവിടുത്തെ കർഷകർക്കെല്ലാമുണ്ട്.
വിലയിടിഞ്ഞ് നാളികേരം ആർക്കും വേണ്ടാത്ത സ്ഥിതിയായതിനാൽ ആശ്വാസമുണ്ടെന്ന് മാത്രം. മറ്റെല്ലാ വിളകൾക്കുമുണ്ട് റെക്കോർഡ് ഉൽപാദനം.
സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലേറെ അടി ഉയരമുള്ള പാലക്കുഴിയിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും പാലക്കുഴിയുടെ ഹരിത ഭംഗിക്ക് ഇന്നും വലിയ കോട്ടം തട്ടിയിട്ടില്ല.
കത്തോലിക്കാ കോണ്ഗ്രസിന്റെ ഗ്ലോബൽ സെക്രട്ടറി കൂടിയായ ചാർളി മാത്യു സംഘടനാ തിരക്കുകൾ കഴിഞ്ഞാൽ പിന്നെ പൂർണസമയ കർഷകൻ കൂടിയാണ്.
അമ്മ റോസമ്മയും ഭാര്യ ബീനയും നാട്ടിലുള്ള ലെനിനും കുഞ്ഞുമകൾ അമേയറോസുമെല്ലാം കുട്ടി കൃഷിശാസ്ത്രജ്ഞരെപ്പോലെയാണ്.
കൃഷി അറിവുകൾ അത്രയേറെ മനപാഠമാണ് ഇവർക്കെല്ലാം. വിദേശത്തുള്ള മകൻ സ്റ്റാൻലിൻ ചാർളിയും കൃഷി കന്പക്കാരനാണ്. സീസണ് പഴങ്ങളുടെ ചെറിയതോതിലുള്ള സംസ്കരണ സംവിധാനങ്ങളും ഇവിടെയുണ്ട്. ഫലവൃക്ഷങ്ങളും പഴവർഗങ്ങളുമെല്ലാം നാടൻ ഇനങ്ങളിൽപ്പെട്ടതാണെന്നതും സവിശേഷതയാണ്.