ചിറ്റൂർ താലൂക്കിൽ കുടിവെള്ളം, കാർഷിക ജലക്ഷാമം രൂക്ഷം
1300299
Monday, June 5, 2023 12:59 AM IST
ചിറ്റൂർ: ജൂണിൽ ആദ്യം മഴ തുടങ്ങുമെന്ന കാലവസ്ഥ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് താലൂക്കിൽ കുടിവെള്ള കാർഷിക ജലക്ഷാമം രൂക്ഷമായി. കുളങ്ങൾ, കിണറുകൾ മറ്റു ജലസംഭരണികളും വരണ്ടു തുടങ്ങി.
കഴിഞ്ഞ മാസം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. എന്നാൽ ജൂണ്‍ ആരംഭിച്ചിട്ടും താലൂക്കിൽ മിക്ക സ്ഥലങ്ങളിലും കൊടുചൂടാണ് അനുഭവപ്പെടുന്നത്.
ഉച്ച സമയങ്ങളിൽ ബസുകളിൽ യാത്രക്കാർ കയറാത്തതിനാൽ ഇന്ധന ചിലവിനുപോലും വരുമാനമില്ലെന്നതാണ് ഉടമകളുടെ ആവലാതി. ഭൂരിഭാഗം കർഷകർക്കും നെല്ലിന്റെ സംഭരണവില ലഭിച്ചിട്ടില്ല. വായ്പ വാങ്ങി ഒന്നാംവിള ഇറക്കാമെന്നു വിചാരിക്കുന്ന കർഷകർ ജലക്ഷാമത്തിനു പോംവഴി കാണാനാവാത്ത അവസ്ഥയിലാണ്. ഈമാസം ഏഴുമുതൽ അളിയാറിൽ നിന്നും 330 ക്യൂസെക്സ് ജലം കിട്ടുമെന്ന് ജലസേചന വകുപ്പ് അറിയിപ്പുണ്ടെങ്കിലും ഇതു സംഭരിച്ച് വിതരണം നടത്തണമെങ്കിൽ വീണ്ടും കാലതാമസമുണ്ടാവും. പറന്പിക്കുളം ഡാമിന്റെ ഷട്ടർ തകരാർ കാരണം ആറ് ടിഎംസി വെള്ളം ചാലിയാർ പുഴയിൽ ഇറക്കിയതാണ് ഇന്നത്തെ ജലക്ഷാമത്തിനു കാരണമായത്. കുടിവെള്ളക്ഷാമം ഇതിലും പരിതാപകരമായ അവസ്ഥയിലാണ്.
ഇക്കഴിഞ്ഞ ദിവസം പലയിടങ്ങളിലും തുടർച്ചയായി രണ്ടുദിവസം കുടിവെള്ളവിതരണം നിലച്ചത് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമാക്കിയിരുന്നു. ഇക്കഴിഞ്ഞ ദിവസം മേട്ടുപ്പാളയം ഗുരുസ്വാമിയാർ മഠത്തിൽ കർഷകർ അടിയന്തിര യോഗം ചേർന്നു അളിയാർ വെള്ളമെത്തിക്കാൻ സർക്കാർ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.