ക്ഷീര സ്നേഹി പുരസ്കാരം പ്രഖ്യാപിച്ചു
1299608
Saturday, June 3, 2023 12:20 AM IST
പാലക്കാട്: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന, ക്ഷീരോത്പാദക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് കോട്ടയം മുതുകുളം സമദർശി കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ ക്ഷീര സ്നേഹി പുരസ്കാരം പ്രഖ്യാപിച്ചു.
മൃഗസംരക്ഷണ മേഖലയിലെ സമഗ്ര സംഭാവനക്ക് മൃഗസംരക്ഷണ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. ശുദ്ധോദനനും ക്ഷീര വികസനരംഗത്തെ സമഗ്ര സംഭാവനക്ക് കണ്ണൂർ എടക്കാട് ക്ഷീര വികസന ഓഫീസർ എം.വി.ജയനും ക്ഷീരോത്പാദക മേഖലയിലെ സമഗ്ര സംഭാവനക്ക് വയനാട് ദീപ്തി ഗിരി ക്ഷീരസംഘം സെക്രട്ടറി പി.കെ. ജയപ്രകാശും പുരസ്കാരത്തിന് അർഹരായി.
സമദർശി ചെയർമാൻ അഡ്വ. കെ. സന്തോഷ് കുമാരൻ തന്പി അധ്യക്ഷനും മൃഗസംരക്ഷണ വകുപ്പ് മുൻ അസി.ഡയറക്ടർ ഡോ.ഡി. ബീന, മുൻക്ഷീരവികസനവകുപ്പ് ഓഫീസർ പി.സി. അനിൽകുമാർ, ഓച്ചിറ ക്ഷീരോത്പന്ന പരിശീലനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് കെ.കെ.ബാലമുരളി എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ക്ഷീരസ്നേഹി പുരസ്കാരം 10 ന് പാലക്കാട് സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും .
ഇന്റർവ്യു ഇന്ന്
പാലക്കാട്: ജില്ലയിൽ മലന്പുഴ, കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കുകളിൽ രാത്രികാല സേവനത്തിന് വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്ക് ഇന്ന് രാവിലെ 10.30 ന് വാക് ഇൻ ഇന്റർവ്യു നടത്തുന്നു.
താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.