വിദ്യാർഥികൾക്കായി പ്രത്യേക പ്രചാരണ പരിപാടിയുമായി ഷൊർണൂർ നഗരസഭ
1299607
Saturday, June 3, 2023 12:20 AM IST
ഷൊർണൂർ: മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ ശാസ്ത്രീയ മാലിന്യ പരിപാലന ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഷൊർണൂർ നഗരസഭ നടപ്പാക്കുന്ന വൂം ടു ടൂം ‘ചൊട്ടയിലെ ശീലം ചുടല വരെ’ പരിപാടിക്ക് ഷൊർണൂർ നഗരസഭയിൽ തുടക്കമായി. പ്രചാരണത്തിന്റെ നഗരസഭതല ഉദ്ഘാടനം ഷൊർണൂർ ഗണേശ് ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. ലക്ഷ്മണൻ നിർവഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ പ്രിൻസി തോമസ് അധ്യക്ഷനായി.
പരിപാടിയിൽ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായുള്ള ബിന്നുകൾ സ്കൂളിനു കൈമാറി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കിരണ്കുമാർ ക്ലാസെടുത്തു.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശാലിനി വർഗീസ്, നിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായി ഷൊർണൂർ, കുളപ്പുള്ളി ബസ് സ്റ്റാൻഡുകളിൽ ഷൊർണൂർ എസ്.എൻ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ന് ഫ്ളാഷ് മോബ് നടക്കും.
മഴക്കാല പൂർവ ശുചീകരണം
പാലക്കാട്: ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലയിലെ 40ൽ പരം പത്താംതരം തുല്യത പഠന ക്ലാസുകൾ കേന്ദ്രീകരിച്ച് മഴക്കാല രോഗങ്ങളും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കണ്ണാടി സ്കൂളിൽ നടന്ന ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും സാക്ഷരതാമിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.