റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് പണികൾ തുടങ്ങി
1299606
Saturday, June 3, 2023 12:20 AM IST
നെന്മാറ: മഴക്കാലത്തു റബർ ടാപ്പിംഗ് നടത്തുന്നതിനു മരങ്ങളിൽ മഴമറ സ്ഥാപിക്കുന്ന പണി റബർ തോട്ടങ്ങളിൽ സജീവമായി. നല്ലൊരു തുക മഴമറ സ്ഥാപിക്കുന്നതിനു ചെലവാകുമെങ്കിലും ഉദ്പാദനവും വിപണിയും സജീവമാകുന്നതോടെ ഷീറ്റിനു വില കൂടുമെന്ന പ്രതീക്ഷയിലാണു കർഷകർ ടാപ്പിംഗ് ഷെയ്ഡ് സ്ഥാപിക്കുന്നത്.
പ്ലാസ്റ്റിക്കിടുന്നതിന് മരത്തിന് 60 രൂപയോളം ചെലവു വരുമെന്ന് കർഷകർ പറയുന്നു. മണ്‍സൂണ്‍ മഴയ്ക്ക് മുന്‍പായി റെഡിമെയ്ഡ് റെയിൻ ഗാർഡ്, ഞൊറി വെച്ച് മരങ്ങളിൽ ഒട്ടിക്കുന്നതിനുള്ള പ്ലാസ്റ്റിക് കടലാസ്, ടാർ നിർമിത പശ, ടേപ്പ്, ക്ലിപ്പ് തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനും മരങ്ങളിൽ സ്ഥാപിക്കുന്നതിനും വേണ്ട ഒരുക്കങ്ങളുമായാണ് കർഷകർ. പ്ലാസ്റ്റിക്ക് പിടിപ്പിച്ചുതരുന്നതിനു മരത്തിനു 10 മുതൽ 13 രൂപയാണ് കൂലി. വെട്ടു പട്ടക്ക് മുകളിലായി പശ തേക്കേണ്ട സ്ഥലത്തെ തൊലിയിലെ മൊരി ചുരണ്ടി കളഞ്ഞ് പശതേച്ച് ഞൊറി വെച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ച് അതിനുമുകളിൽ മഴവെള്ളം ഇറങ്ങാത്ത രീതിയിൽ ടേപ്പ് ഒട്ടിച്ച് സ്ട്രാപ്ലർ ക്ലിപ്പ് ചെയ്താണ് മരങ്ങളിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നത്. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കുന്നതിന് ഒരേസമയം 4 തൊഴിലാളികളുടെ സേവനം ആവശ്യമുണ്ട്. തൈ റബറുള്ള നാമമാത്ര കർഷകർ റെഡിമെയ്ഡ് ഷെയ്ഡാണ് പിടിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ടാപ്പിംഗ് നിർത്തിവച്ച തോട്ടങ്ങളും ചില തോട്ടങ്ങൾ കഴിഞ്ഞ വർഷം റബർ വില കുറവുമൂലം ടാപ്പിഗ് നടത്താത്ത തോട്ടങ്ങളുമാണിപ്പോൾ ടാപ്പിങ്ങിനായി ഷെയ്ഡ് ഇടാൻ തുടങ്ങിയത്. റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിനു വേണ്ട പ്ലാസ്റ്റിക്കും പശയും മറ്റു സാമഗ്രികളും കനത്ത മഴയ്ക്ക് മുന്‍പ്തന്നെ റബർ മരങ്ങളിൽ പശതേച്ച് റെയിൻ ഗാർഡ് ചെയ്തില്ലെങ്കിൽ മഴയിൽ പശ മരത്തിൽ ഒട്ടിപ്പിടിക്കാതിരിക്കൂകയും ടാപ്പിംഗ് നടക്കുന്പോൾ മഴവെള്ളമിറങ്ങി റബർ പാൽ നഷ്ടപ്പെടുകയും ചെയ്യും.
പ്രാദേശിക റബർ ഉദ്പാദക സൊസൈറ്റികൾ വഴി പ്ലാസ്റ്റിക്ക് സാമഗ്രികൾ ഭാഗികമായി എത്തിയെങ്കിലും ബഹുഭൂരിപക്ഷം കർഷകരും പൊതു വിപണിയിൽ നിന്ന് തന്നെ സാമഗ്രികൾ വാങ്ങേണ്ട സ്ഥിതിയാണ്. റെയിൻ ഗാർഡ് ചെയ്യാനുള്ള പ്ലാസ്റ്റിക് ഷീറ്റ് കിലോഗ്രാമിന് കഴിഞ്ഞവർഷത്തേക്കാൾ 20 രൂപ കുറഞ്ഞ് 150 രൂപയായി. എന്നാൽ പശ കഴിഞ്ഞവർഷത്തേക്കാൾ 30 രൂപയോളം വർധിച്ചു കിലോഗ്രാമിന് ശരാശരി 75 രൂപയിൽ എത്തി. സ്റ്റാപ്ലർ പിൻ, റിബണ്‍ എന്നിവയ്ക്കും വിലകൂടി. മേഖലയിൽ റെയിൽ ഗാർഡ് പിടിപ്പിച്ചു കൊടുക്കുന്ന തൊഴിലാളികൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് തോട്ടം ഉടമകളെയും വലക്കുന്നു.