മലയോര കർഷകർക്ക് തോക്കിന് ലൈസൻസ് നല്കണം: കേരള കർഷക യൂണിയൻ -ജേക്കബ്
1299428
Friday, June 2, 2023 12:53 AM IST
പാലക്കാട് : അക്രമണകാരികളായ വന്യമൃഗങ്ങളിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ പാഞ്ഞടുക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് തോക്കിന് ലൈസൻസ് സർക്കാർ നല്കണമെന്ന് കേരള കർഷകയൂണിയൻ (ജേക്കബ്) പാലക്കാട് ജില്ലാകമ്മിറ്റി സർക്കാരിനോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും കേരളത്തിലെ വിവിധ മലയോരപ്രദേശങ്ങളിലും കാട്ടുപോത്ത്, കാട്ടുപന്നി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് രാത്രിയും പകലും ഇറങ്ങി ജനങ്ങൾക്ക് ശക്തമായ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കു കയാണെന്നും യോഗം ആരോപിച്ചു.
കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല.
വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാൻ പറ്റുന്നില്ല.
കർഷകർ വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഗതികേടിലാണെന്നും യോഗം ആരോപിച്ചു. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നതിനെ തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.
ഒരു ബദർ സംവിധാനവുമില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണങ്ങളൊ കൃഷി നാശങ്ങളോ ഉണ്ടായാൽ ബന്ധപ്പെട്ട അധികാരികൾ വന്ന് ജനങ്ങളെ സമാധാനപ്പെടുത്തി പോകുക ഒരു പതിവായിരിക്കുന്നു.
ഈ നിലതുടർന്നാൽ സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ മലയോര കർഷകർ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യോഗം സർക്കാറിന് മുന്നറിയിപ്പ് നല്കി.
യോഗത്തിൽ കർഷകയൂണിയൻ (ജേക്കബ്ബ്) പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.പി. ജോർജ് തടിക്കുളങ്ങര അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഷിജു മത്തായി, പി.എം. ജോസ് പ്ലാത്തോട്ടം, വി.ജെ. സാബു വെള്ളാരംകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.