പന്നിയങ്കര സ്കൂളിനു വിദ്യാർഥി പുണ്യം!
1299416
Friday, June 2, 2023 12:52 AM IST
വടക്കഞ്ചേരി: കഴിഞ്ഞ 10 വർഷത്തിനിടെ ക്ലാസ് മുറിയിൽ കുട്ടികൾ നിറഞ്ഞ് പന്നിയങ്കര ഗവണ്മെന്റ് എൽ പി സ്കൂൾ.
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്കായി ഒന്പത് കുട്ടികളും പ്രീ പ്രൈമറി ക്ലാസുകളിൽ 14 കുട്ടികളുമാണ് ഇന്നലെ എത്തിയത്.
വലിയൊരു ഇടവേളയ്ക്കുശേഷം സ്കൂൾ അന്തരീക്ഷം പുനഃസ്ഥാപിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.
ക്ലാസ് മുറിയിൽ കുട്ടികൾ നിറഞ്ഞു കണ്ടപ്പോൾ അധ്യാപകർക്കും പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികൾക്കും ആശ്ചര്യവും പ്രതീക്ഷയും നൽകുന്നതായി.
ആറാം പ്രവൃത്തി ദിവസം വരെ ഇനിയും കൂടുതൽ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ശ്രമം തുടരുമെന്നും ഏക അധ്യാപിക കവിത പറഞ്ഞു.
ഒരുകോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച ഇരുനില കെട്ടിടത്തിലാണ് ഇന്നലെ പ്രവേശനോത്സവത്തോടെ ക്ലാസ് ആരംഭിച്ചത്.
പായസ വിതരണത്തോടെയായിരുന്നു ശുഭാരംഭം കുറിച്ചത്. വാർഡ് മെംന്പർ അന്പിളി മോഹൻദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
കവിത ടീച്ചർ, ബി ആർ സി കോ-ഓഡിനേറ്റർ പി. പ്രവീണ, കെ. എം. ഉദയകുമാർ മാസ്റ്റർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ നിഖിൽ, സുന്ദരൻ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ കൂടിയപ്പോൾ സ്കൂളിൽ അധ്യാപകരില്ല എന്ന പ്രശ്നമുണ്ട്. നാലു ക്ലാസുകളിലേക്കായി കവിത ടീച്ചർ മാത്രമാണ് നിലവിലുള്ളത്. ഇവർ ഓടിനടന്ന് പഠിപ്പിക്കേണ്ടി വരും.
തൽക്കാലത്തേക്കാണെങ്കിലും ബി ആർ സി യിൽ നിന്നും ഒരു ടീച്ചർ സഹായിയായി ഇന്നലെ എത്തിയിട്ടുള്ളത് കവിത ടീച്ചർക്ക് ആശ്വാസമാകും.
ഹെഡ്മിസ്ട്രസ് റിട്ടയർ ചെയ്തിനു ശേഷം പുതിയ ടീച്ചർ എത്തിയിട്ടില്ല.
ഇനി ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കേണ്ടി വരും.
സ്കൂളിന്റെ പഴയ പ്രതാപകാലം തിരിച്ചു വന്നില്ലെങ്കിലും സ്കൂളിനെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാനുള്ള വലിയ ശ്രമത്തിലാണ് വടക്കഞ്ചേരി പഞ്ചായത്തും നാട്ടുകാരും അധ്യാപകരുമെല്ലാം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുട്ടികളുടെ എണ്ണം രണ്ട് അക്കത്തിനപ്പുറം പോയിട്ടില്ല. അധ്യാപകർക്കൊപ്പം നാട്ടുകാരും പഞ്ചായത്തുമൊക്കെ സ്കൂളിലെ കുട്ടികളുടെ എണ്ണം കൂട്ടാൻ നിരവധി ഹൗസ് കാന്പയിനുകൾ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിരുന്നില്ല.
കുട്ടികളില്ലാതെ മൂന്ന് വർഷം അടഞ്ഞുകിടന്ന സ്കൂൾ പിന്നീട് 2014ൽ ആറു കുട്ടികളുമായാണ് തുറന്നത്. പിന്നേയും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായില്ല.
പുതിയ കെട്ടിടവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കിയതോടെയാണ് കൂടുതൽ കുട്ടികൾ ഈ അധ്യയന വർഷം എത്തിയിട്ടുള്ളത്.