മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂൾ പ്രവേശനോത്സവം വർണാഭമായി
1299415
Friday, June 2, 2023 12:52 AM IST
മംഗലംഡാം : മലയോര മേഖലയായ മംഗലം ഡാമിന്റെ അക്ഷര മുറ്റമായ സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിന്റെ പുതിയ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആഘോഷിച്ചു.
പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു.
സമുദായത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന സ്വഭാവശുദ്ധിയുള്ള കുട്ടികളെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് ഉദ്ബോധിപ്പിച്ചു.
സ്കൂൾ ഡയറക്ടർ ഫാ.മാത്യു വാഴയിൽ അധ്യക്ഷത വഹിച്ചു. അറിവ്, നൈപുണ്യം, നല്ല മനോഭാവം എന്നിവ വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതാണെന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ ഫിനാൻസ് മാനേജർ ഫാ.ജോസ് അങ്ങേവീട്ടിൽ, സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിബിൻ തോമസ്, ഫാ.ഡെബിൻ ജോസഫ്, പിടിഎ പ്രസിഡന്റ് മെജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനം നല്കുകയും ചെയ്തു.
ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് ട്രോഫികൾ നല്കി.
ദേശീയ തലത്തിൽ കരാട്ടയിൽ സമ്മാനം നേടിയ റുഥ് വിൻ രമേഷിനെ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രത്യേകം അനുമോദിച്ചു.
കുട്ടികളുടെ മാതാപിതാക്കൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് നവീകരിച്ച ക്ലാസ് മുറികൾ, കന്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, സ്കൂൾ ബസ് എന്നിവയുടെ വെഞ്ചിരിപ്പ് കർമം ബിഷപ് നിർവഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ക്രിസ്റ്റി ബി.സിറിയക്ക് നന്ദി പറഞ്ഞു.