ആറുപതിറ്റാണ്ടിന്റെ ദുരിതകഥയുമായി പള്ളംതുരുത്ത്
1299235
Thursday, June 1, 2023 1:28 AM IST
ഒറ്റപ്പാലം: ലക്കിടിപേരൂർ പഞ്ചായത്തിലെ പള്ളംതുരുത്തിൽ ആറു പതിറ്റാണ്ടായി ഗതാഗത സൗകര്യമില്ല. ഭാരതപ്പുഴയ്ക്കും റെയിൽവേ ലൈനിനും ഇടയിലായി കിടക്കുന്ന ഭൂപ്രദേശം പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലയാണ്. ബ്രിട്ടിഷ് ഭരണ കാലത്ത് റെയിൽവേ ലൈനിനു താഴെ ഓവിലൂടെ ആവശ്യത്തിനു യാത്രാസൗകര്യമുണ്ടായിരുന്നു.
1963ൽ വെള്ളം ഒഴുകുന്ന ഓവ് ചാൽ പുതുക്കി പണിതതോടെ ഇവർ തികച്ചും ഒറ്റപ്പെട്ട നിലയിലായി. 1967 മുതൽ കർഷകരും പ്രദേശവാസികളും റോഡ് സൗകര്യം അനുവദിക്കാൻ കാണാത്ത അധികാരികളില്ല.
ഭാരതപ്പുഴയോരത്ത് തീരദേശ റോഡ് എന്നതും പ്രഖ്യാപനം മാത്രമായി തുടരുകയാണ്. മാറി വരുന്ന സർക്കാരുകൾക്ക് ഒട്ടേറെ നിവേദനം നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തീരദേശ റോഡ് സ്ഥാപിക്കുമെന്ന വാഗ്ദാനവും നിലവിലുണ്ട്. എന്നാൽ ഇതും നടന്നിട്ടില്ല.
റെയിൽവേ ഓവുചാൽ പൂർവസ്ഥിതിയിലാക്കുന്നതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നു നാട്ടുകാർ പറയുന്നുണ്ട്. 10 അടി വീതിയിലും ഉയരത്തിലും ഓവ് ചാൽ പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പള്ളംതുരുത്തിൽ 52 കുടുംബങ്ങളിലായി നൂറുകണക്കിനാളുകൾ താമസിക്കുന്നുണ്ട്.
മൈനർ ഇറിഗേഷൻ വകുപ്പിന്റെ പന്പ് ഹൗസ് മാത്രമാണ് കർഷകരുടെ ഏക ആശ്വാസം.
യാത്രാ സൗകര്യമില്ലാത്തതിനാൽ ഒരു കിലോമീറ്റർ ദൂരം തലച്ചുമടായാണു ഇവർ സാധനങ്ങൾ കടത്തുന്നത്. കാർഷിക വിളകളുടെ കടത്തുകൂലിയും കർഷകരുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്. പള്ളംതുരുത്ത്, കല്ലിങ്കൽ, പേരപാടം, കയ്പയിൽ എന്നീ പാടശേഖര സമിതികൾ വെള്ളത്തിനായി ആശ്രയിക്കുന്നത് പള്ളംതുരുത്തിലെ പന്പ് ഹൗസിനെയാണ്.
യാത്രാസൗകര്യമില്ലാത്തതിനാൽ സർക്കാർ അനുവദിക്കുന്ന പല പദ്ധതികളും ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല.
പന്പ് ഹൗസ് മുതൽ കല്ലിങ്കൽ പാടം വരെയുള്ള പ്രദേശത്തെ കനാൽ നവീകരിക്കുന്ന അനുവദിച്ച 50 ലക്ഷം രൂപ ഇതിനകം പാഴാവുകയും ചെയ്തു.
എംഎൽഎ ഫണ്ടിൽ നിന്നു അനുവദിച്ച പദ്ധതിയുടെ ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി മുടങ്ങി പോയ സാഹചര്യവുമുണ്ട്. കാർഷിക യന്ത്രങ്ങൾ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വിള മുതൽ തരിശിടേണ്ടി വരുമെന്ന ആധിയിലാണ് കർഷകർ.