പള്ളംതുരുത്തുകാർക്ക് റെയിൽവേ ബ്ലോക്ക്; കുറ്റികളിൽ നട്ടംതിരിഞ്ഞ് കർഷകർ
1299234
Thursday, June 1, 2023 1:28 AM IST
ഒറ്റപ്പാലം: പേരൂർ പള്ളംതുരുത്ത് മേഖലയിൽ കർഷകർ കടുത്ത ആശങ്കയിൽ. റെയിൽവേയുടെ ഭൂമിയാണെന്ന പേരിൽ സ്ഥാപിച്ച കുറ്റികളാണ് കർഷകരെ തീ തീറ്റിക്കുന്നത്.
റെയിൽവേ നാട്ടിയ കുറ്റികൾ പിഴുതെറിയാനോ മാറ്റിക്കാനോ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. ലക്കിടി പേരൂർ പഞ്ചായത്തിൽ കർഷകരെ വലക്കുന്ന കോണ്ക്രീറ്റ് കുറ്റികൾ റെയിൽവേ സ്വന്തംഭൂമി അളന്ന് അതിരു തിട്ടപ്പെടുത്തി സ്ഥാപിച്ചവയാണ്. എന്നാൽ കർഷകർക്കിത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. റെയിൽവേയുടെ ഭൂമിയിൽ കേബിൾ സ്ഥാപിക്കുന്നതിന്റെ മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് അധികൃതർ കോണ്ക്രീറ്റ് കുറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. യാത്രാസൗകര്യമില്ലാത്ത പാടശേഖരങ്ങളിലേക്ക് പ്രധാനമായി കാർഷിക യന്ത്രങ്ങൾ ഇറക്കുന്ന വഴി റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്.
ഇതിലൂടെയാണ് റെയിൽവേ വ്യാപകമായി സൂചനാ കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. 265 ഏക്കർ പ്രദേശത്തു നെല്ല്, തെങ്ങ്, കമുക്, പച്ചക്കറി എന്നിവ കൃഷി ചെയ്താണു പ്രദേശവാസികൾ കഴിഞ്ഞു കൂടുന്നത്.
റോഡ് സൗകര്യമില്ലാതെ കിടക്കുന്ന പ്രദേശത്തേക്കു അഞ്ചുകിലോമീറ്റർ അധികം സഞ്ചരിച്ചാണു നിലവിൽ റെയിൽവേ ഭൂമിയിലൂടെ കാർഷിക യന്ത്രങ്ങൾ എത്തിക്കുന്നത്.
കൊയ്ത്തു യന്ത്രങ്ങളും ട്രാക്ടറും വരുന്നതും റെയിൽവേ ലൈനിനു സമീപത്തെ മണ്പാതയിലൂടെയാണ്.
ഈ വഴിയിലാണ് കേബിൾ സ്ഥാപിക്കുന്നതിനായി അധികൃതർ സിമന്റ് കുറ്റികൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതുകൊണ്ട് തന്നെ ഇപ്പോൾ യന്ത്രങ്ങൾ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നു പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു.