വടക്കഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് കോണ്‍ഗ്രസ് മെംബർമാർ
1299226
Thursday, June 1, 2023 1:25 AM IST
വടക്കഞ്ചേരി: ടൗണിനടുത്ത് പ്രധാനിയിലെ മരമില്ലിന് ലൈസൻസ് പുതുക്കി കൊടുത്തതു സംബന്ധിച്ചുള്ള തർക്കത്തിൽ വടക്കഞ്ചേരി പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് മെംബർമാരും സംയുക്ത തൊഴിലാളികളും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
മില്ലിനെതിരെ നിലവിൽ പരാതിയുള്ളതിനാൽ ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്തതിനുശേഷം മാത്രമെ ലൈസൻസ് പുതുക്കി നൽകൂ എന്ന ഉറപ്പ് ലംഘിച്ച് സെക്രട്ടറി ലൈസൻസ് പുതുക്കി കൊടുത്തതാണ് മെംബർമാരെ പ്രകോപിപ്പിച്ചത്.
സെക്രട്ടറിയെ തടഞ്ഞുവച്ചുള്ള വാക്കു തർക്കം അരമണിക്കൂറിലേറെ നീണ്ടുനിന്നു. വാഗ്വാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതുക്കി കൊടുത്ത ലൈസൻസ് റദ്ദാക്കാൻ ധാരണയായി.
തുടർന്ന് ലൈസൻസ് പുതുക്കി കൊടുക്കുന്നതു സംബന്ധിച്ച് ചർച്ചചെയ്ത് തീരുമാനിക്കാമെന്ന ഉറപ്പിലാണ് പ്രശ്നത്തിന് പരിഹാരമായത്.
നിയമാനുസൃതമായ നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് മരമിൽ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.
മില്ലിലെ തടി സൂക്ഷിക്കുന്നതു തന്നെ വാഹന തിരക്കുള്ള ടാർ റോഡിലാണ്.
നിലം നികത്തി കാടാ കനാൽ മൂടിയാണ് മില്ല് പ്രവർത്തിക്കുന്നത് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.
നേതാക്കളായ റെജി കെ. മാത്യു, ബാബു മാധവൻ, വി. എച്ച്. ബഷീർ, പഞ്ചായത്ത് മെന്പർമാരായ കെ. മോഹൻദാസ്, ശ്രീനാഥ് വെട്ടത്ത്, അന്പിളി മോഹൻദാസ്, ദേവദാസ് , സി. മുത്തു, മില്ലിലെ ചുമട്ടുതൊഴിലാളി പ്രതിനിധികളായ അനൂപ്, രതീഷ്, പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.