ഒന്പതു കുട്ടികൾക്ക് ഒരുകോടിയുടെ ഹൈടെക് ഇരുനില കെട്ടിടം
1298749
Wednesday, May 31, 2023 4:09 AM IST
വടക്കഞ്ചേരി: ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി ഒന്പത് കുട്ടികളുള്ള പന്നിയങ്കര ഗവണ്മെന്റ് എൽപി സ്കൂളിൽ ഒരുകോടി രൂപ ചെലവിൽ ഇരുനില കെട്ടിടം.
നാളെ മുതൽ ഈ കെട്ടിടത്തിലാകും ഇനി സ്കൂൾ പ്രവർത്തിക്കുക. പഴയ സ്കൂൾ കെട്ടിടത്തിനു പുറകിലാണ് പുതിയ കെട്ടിടം. കഴിഞ്ഞദിവസം ഇതിന്റെ ഉദ്ഘാടനവും നടന്നിരുന്നു.
ഒന്നാം ക്ലാസിലേക്ക് രണ്ടുപേർ അഡ്മിഷൻ എടുത്തിട്ടുണ്ട്. ഒരാൾ കൂടി വരുമെന്ന് പറയുന്നു. രണ്ടിലും മൂന്നിലും മൂന്നു പേർ വീതമുണ്ട്.
സീനിയർ സ്റ്റുഡന്റായി നാലാം ക്ലാസിൽ ഒരാളെ ഉള്ളു. പ്രീ പ്രൈമറിയിലേക്ക് കൂടുതൽ കുട്ടികൾ വരുമെന്നാണ് സ്കൂൾ അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞവർഷം നാലു ക്ലാസുകളിലായി ഇതിലും കുറവായിരുന്നു കുട്ടികൾ. കുട്ടികൾ കൂടിയപ്പോൾ അധ്യാപകർ ഇല്ലാത്തതാണ് പുതിയ പ്രശ്നം.
നാലു ക്ലാസുകളിലേക്കായി ഒരു അധ്യാപികയാണ് നിലവിലുള്ളത്. ഇവർ ഓടിനടന്ന് പഠിപ്പിക്കേണ്ടി വരും. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കൾക്കായി വെയിൽ കൊണ്ട് ടീച്ചർക്കും വയ്യാതായി. ഹെഡ്മിസ്ട്രസ് റിട്ടയർ ചെയ്തിനു ശേഷം പുതിയ ടീച്ചർ എത്തിയില്ല. ബി ആർ സിയിൽ നിന്നും തൽക്കാലത്തേക്ക് ഒരു ടീച്ചറെ കിട്ടുമെന്നാണ് പറയുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ വയ്ക്കലാണ് മറ്റൊരു വഴി. അതിന് എഇഒയുടെ അനുമതി വേണം. വേതനം നൽകാൻ വരുമാനവും കണ്ടെത്തണം. ആറ് ക്ലാസ് റൂമുകളുള്ള ഹൈടെക് കെട്ടിടമാണെങ്കിലും കറന്റ് കണക്്ഷനായിട്ടില്ല. സ്കൂളിനു മുന്നിൽ ആറുവരി ദേശീയപാതയാണ്. ഇവിടെ സർവീസ് റോഡില്ല.
സ്കൂൾ ശാസ്ത്രമേളകളിൽ മോഡൽ ഉണ്ടാക്കി വയ്ക്കുന്നതു പോലെയാണ് അവിടെവിടെയായി ഇവിടെ സർവീസ് റോഡുള്ളത്. തുണ്ടുകളായി നിർമിച്ചിട്ടുള്ള സർവീസ് റോഡുകളെ ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ വാഹനങ്ങൾ പലവഴിക്കാണ് പായുന്നത്. രക്ഷിതാക്കളിലും ഇത് പേടി ജനിപ്പിക്കുന്നുണ്ട്.
സ്കൂളിനു മുന്നിലെങ്കിലും സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കളും ഉന്നയിക്കുന്നത്. സ്കൂളിന്റെ പഴയ പ്രതാപകാലം തിരിച്ചു വന്നില്ലെങ്കിലും സ്കൂളിനെ കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാനുള്ള വലിയ ശ്രമത്തിലാണ് വടക്കഞ്ചേരി പഞ്ചായത്തും നാട്ടുകാരും അധ്യാപകരുമെല്ലാം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുട്ടികളുടെ എണ്ണം രണ്ട് അക്കത്തിനപ്പുറം പോയിട്ടില്ല. അധ്യാപകർക്കൊപ്പം നാട്ടുക്കാരും പഞ്ചായത്തുമൊക്കെ സ്കൂളിലെ കുട്ടികളുടെ എണ്ണം കൂട്ടാൻ നിരവധി ഹൗസ് കാന്പയിനുകൾ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. കുട്ടികളില്ലാതെ മൂന്ന് വർഷം അടഞ്ഞുകിടന്ന സ്കൂൾ പിന്നീട് 2014ൽ ആറു കുട്ടികളുമായാണ് തുറന്നത്. പിന്നേയും സ്ഥിതിയിൽ വലിയ മാറ്റമുണ്ടായില്ല.പുതിയ കെട്ടിടവും മറ്റു ഭൗതിക സൗകര്യങ്ങളുമായി ഈ വർഷം മുതൽ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.