സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ വിദ്യാവാഹൻ ആപ്പ്
1298451
Tuesday, May 30, 2023 12:44 AM IST
പാലക്കാട്് : വിദ്യാർത്ഥികളുമായി വരുന്ന സ്കൂൾ ബസുകളുടെ ഗതി അറിയാൻ രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ വിദ്യാവാഹൻ മൊബൈൽ ആപ്പ് ജില്ലയിൽ നിർബന്ധമാക്കി.
ആപ്പിലൂടെ സ്കൂൾ ബസ് എവിടെയെത്തി, വാഹനത്തിന്റെ സഞ്ചാരം, വേഗം തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാം. കൂടാതെ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ മോട്ടോർ വാഹന വകുപ്പിന്റെ കണ്ട്രോൾ റൂമിൽ ഉടൻ വിവരം എത്തും.
സ്കൂൾ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ സുരക്ഷാമിത്ര സോഫ്റ്റ് വെയറിൽനിന്നുള്ള വിവരങ്ങളാണ് വിദ്യാവാഹനിൽ ലഭിക്കുക. രക്ഷിതാക്കൾ വിദ്യാവാഹൻ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം. സ്കൂളിൽ നൽകിയ രക്ഷിതാക്കളുടെ മൊബൈൽ നന്പർ വഴിയാണ് ആപ്ലിക്കേഷനിൽ പ്രവേശിക്കേണ്ടത്. ആപ്പ് നിർബന്ധമായും ഉപയോഗിക്കണമെന്ന് സ്കൂളുകൾക്കും രക്ഷിതാക്കൾക്കും നിർദേശം നല്കിയിട്ടുണ്ടെന്ന് ആർടിഒ ടി.എം. ജേഴ്സണ് അറിയിച്ചു.