സ്കൂളിൽ പോകാൻ എല്ലാം ഒരുക്കി; യാത്രയായത് നിത്യതയിലേക്ക്
1298187
Monday, May 29, 2023 12:15 AM IST
വടക്കഞ്ചേരി: കളിചിരിയും കുസൃതികളുമായി കൂട്ടുകൂടാൻ ഇനി ഹെലൻ മരിയ വരില്ല. സ്കൂൾ തുറക്കും മുന്പേ ഈ സുന്ദരിക്കുട്ടി നിത്യതയിലേക്ക് യാത്രയായി.
വടക്കഞ്ചേരി ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ യുകെജി എ ഡിവിഷനിലെ വിദ്യാർഥിനിയാണ് ഹെലൻ മരിയ.
ആരോഗ്യപുരം പ്ലാച്ചി കുളന്പ് നെടുങ്ങാട്ട് സിജുവിന്റെ ഇളയ മകൾ.
പനിയെ തുടർന്നാണ് കഴിഞ്ഞ ദിവസം ഹെലൻ മരിയ എന്ന അഞ്ചു വയസുകാരി പ്രാർത്ഥനകൾക്കെല്ലാം നന്ദി പറഞ്ഞ് യാത്രയായത്.
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ടെക്സ്റ്റ് പുസ്തകങ്ങളെല്ലാം വാങ്ങി ഒരാഴ്ച മുന്പേ ബുക്കെല്ലാം പൊതിഞ്ഞ് നെയിം സ്ലിപ്പ് ഒട്ടിച്ച് മനോഹരമാക്കിയിരുന്നു.
നെയിം സ്ലിപ്പിൽ ക്ലാസ് വണ് എന്നും എഴുതി. പുതിയ കൂട്ടുകാരികളെ കാണാനുള്ള സന്തോഷത്തിലായിരുന്നു ഹെലൻ മരിയയും.
31ന് യൂണിഫോം തുന്നിക്കിട്ടും അതിന്റെ സന്തോഷവും ഹെലനുണ്ടായിരുന്നതായി നേഴ്സായ അമ്മ ജീബ പറഞ്ഞു. പഠിക്കാൻ ഏറെ ഇഷ്ടമായിരുന്നു അവൾക്ക്.
യുകെജിയിൽ പഠിക്കുന്പോൾ പ്രസംഗത്തിന് ട്രോഫി വാങ്ങിയിട്ടുണ്ട്.
ഹെലന്റെ ഓർമ്മശക്തിയും കഴിവുകളും ഹെലനെ ഏറെ ഇഷ്ടപ്പെട്ടവളാക്കിയിരുന്നെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസും ക്ലാസ് ടീച്ചർ രാജിതയും പറഞ്ഞു.
സുന്ദരിയായി നടക്കാനായിരുന്നു മോൾക്ക് ഇഷ്ടം. ഇടക്കിടെ കണ്ണാടിക്ക് മുന്നിൽ നിന്ന് ഇത്തരം സൗന്ദര്യം മതിയോ അമ്മേ എന്ന് ചോദിക്കുമെന്ന് മകളുടെ പെട്ടെന്നുള്ള വേർപാടിൽ തേങ്ങലടക്കാനാകാത്ത അമ്മ ജീബ പറയുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചേച്ചി ഹെന്ന തെരേസ് തനിക്ക് അനുജത്തിയെ വേണമെന്ന് പ്രാർത്ഥിച്ചതു കൊണ്ടാണ് താൻ പെണ്ണായതെന്നാണ് ഹെലൻ പറഞ്ഞിരുന്നത്.
ആണാകാനായിരുന്നു തനിക്ക് ഇഷ്ടം. കുഞ്ഞു ഹെലൻ അങ്ങനെ തമാശ പറഞ്ഞ് വീട്ടുകാരെയെല്ലാം ചിരിപ്പിക്കുമായിരുന്നു. കഴിഞ്ഞ 14നായിരുന്നു ചേച്ചി ഹെന്നയുടെ ആദ്യകുർബാന സ്വീകരണം.
ഗൾഫിലായിരുന്ന സിജു അതിൽ പങ്കെടുക്കാൻ കൂടിയാണ് ഒന്നര വർഷത്തിനു ശേഷം ലീവിന് നാട്ടിൽ വന്നത്.
കഴിഞ്ഞ ലീവ് കഴിഞ്ഞ് 27 ന് തിരിച്ച് പോകേണ്ടതായിരുന്നു.