പുതുനഗരം: ആദിത്യൻ ചികിത്സാ സഹായ പദ്ധതിയിലേക്ക് തന്റെ ബാല്യകാല അഭിലാഷമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സൈക്കിൾ നൽകി ആറുവയസുള്ള ബാലൻ. പുതുനഗരം കുളത്തുമേട് മായൻ വീട് പ്രദീപ് കുമാർ-പ്രിയ ദന്പതികളുടെ മകൻ ധീരവാണ് പരോപകാര സേവനത്തിന്റെ നേർക്കാഴ്ചയായിരിക്കുന്നത്.
പ്രദീപ്കുമാറിന്റെ വീട്ടിലും യുവാക്കൾ സഹായത്തിനെത്തിയ വിവരം മനസിലാക്കി ധീരവ് സ്വയം തീരുമാനിച്ചാണ് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സൈക്കിൾ കൈമാറിയിക്കുന്നത്. നാട്ടുകാരിൽ നിന്നും പഴയ പേപ്പർ, ആക്രിസാധനങ്ങൾ വരെ സ്വീകരിച്ച് അതിൽ നിന്നും കിട്ടുന്ന ചെറിയ സംഖ്യ പോലും ചികിത്സയ്ക്ക് തുണയാവുമെന്ന് നാട്ടുകാർ സഹായ അഭ്യർഥനയുമായി മുന്നോട്ടു പോവുകയാണ്. പല വീടുകളിൽ ഉപയോഗിക്കുന്നതും അല്ലാത്തതുമായ സാധനങ്ങൾ ലഭിച്ചെങ്കിലും കൊച്ചുബാലൻ തന്റെ സഹോദര തുല്യനായ പതിനഞ്ചുകാരനു വേണ്ടി സൈക്കിൾ നല്കിയ വലിയ മനസിന് നാട്ടുകാരുടെ ബിഗ് സല്യൂട്ട് തന്നെ ലഭിച്ചു. 30 ലക്ഷമാണ് വൃക്ക മാറ്റൽ ശസ്ത്രക്രിയക്ക് വേണ്ടത്. ഇപ്പോൾ പകുതിയോളം സംഖ്യ ലഭിച്ചതിൽ ചികിത്സാസഹായ സമിതിക്കും കുടുംബത്തിനു പ്രതീക്ഷയേറിയിട്ടുണ്ട്.