മുണ്ടൂർ കുമ്മാട്ടി ആഘോഷം ഇന്ന്
1280076
Thursday, March 23, 2023 12:26 AM IST
മുണ്ടൂർ : പാലക്കീഴ് ഭഗവതിക്ഷേത്രത്തിലെ കുമ്മാട്ടി ആഘോഷം ഇന്ന്. കാലത്ത് ഒന്പതിന് ക്ഷേത്രമുറ്റത്ത് കപ്ലിപ്പാറ ദേശവേല കമ്മിറ്റി ഒരുക്കുന്ന കാഴ്ചശീവേലി നടക്കും.
കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെയുള്ള കാഴ്ചശീവേലിക്ക് ഗുരുവായൂർ ദേവസ്വത്തിലെ അഞ്ച് ആനകൾ അണിനിരക്കും.
ഉച്ചയ്ക്ക് രണ്ടുമുതൽ വിവിധദേശങ്ങളിൽനിന്നായി 26 പ്രാദേശികവേലകൾ പുറപ്പെടും. വൈകീട്ട് നാലുമുതൽ ദേശവേലകൾ ചുങ്കം ജങ്ഷനിൽ എത്തും.
കുമ്മാട്ടിയുടെ പ്രധാന ചടങ്ങായ നെച്ചിമുടി ചാട്ടത്തിനായി കിഴക്കുമുറിദേശം വെളിച്ചപ്പാടുമൊത്ത് കാർത്യായനി ഭഗവതിക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് പടിഞ്ഞാറുമുറി, ഒടുവുംകാട് സംഘങ്ങളുമൊത്ത് കൂട്ടുപാത ആലിൻചുവട്ടിൽ ഗണപതിസന്നിധി, വിക്രമുണ്ടേശ്വരം, ശ്രീകുറുംബ, കയറൻ എന്നീ ക്ഷേത്രങ്ങളിൽ ദർശനംനടത്തി കുമ്മാട്ടിപാറയിൽ എത്തിച്ചേരും.
തുടർന്ന്, മൂന്ന് ദേശവേലകളും മുടിസംഘങ്ങളും ഒന്നിച്ച് കുമ്മാട്ടിയുടെ ചരിത്രസ്മാരകമായ നൊച്ചിമുടികണ്ടത്തിൽ എത്തും.
നൊച്ചിപ്പുള്ളിദേശത്തെ മുടിസംഘത്തെയും കൂട്ടി ക്ഷേത്രത്തിൽ എത്തി പാനചാട്ടത്തിലെ എട്ടാംചാട്ടത്തോടെ ക്ഷേത്രപ്രദക്ഷിണം നടത്തും. വെള്ളിയാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന പടിഞ്ഞാറ്റുമുറി ദേശത്തിന്റെ കന്പം കത്തിക്കലോടെ കുമ്മാട്ടി ആഘോഷങ്ങൾ സമാപിക്കും.