കഷ്ടപ്പാടുകൾക്കിടയിലും കായികമേളയിൽ കുതിച്ചുയർന്ന് മേഘ
1246753
Thursday, December 8, 2022 12:23 AM IST
പാലക്കാട് : സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ സ്വർണ്ണവും 200 മീറ്ററിൽ 25.25 എന്ന മികച്ച സമയവും കുറിച്ചുകൊണ്ട് സ്പ്രിന്റ് ഡബിൾ തികച്ച് വേഗറാണിയായി പാലക്കാട് പുളിയപ്പറന്പ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ മേഘ.
യൂത്ത് സ്റ്റേറ്റ് മീറ്റിലെ റെക്കോർഡ്, ദേശീയ ജൂണിയർ മീറ്റിൽ സ്വർണം, സ്കൂൾ കായികമേളയിലെ മെഡലുകൾ തുടങ്ങിയവ നേടിയിട്ടുണ്ടെങ്കിലും കരിയർ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മേഘ.
തുടർന്ന് ഒന്നരവർഷം മുന്‍പ് മേഘ കായിക മത്സരങ്ങൾ അവസാനിപ്പിച്ചിരുന്നു. മേഘയുടെ പരിശീലനത്തിന്റെ ചെലവുകൾ വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കെട്ടിട നിർമാണ തൊഴിലാളിയായ മേഘയുടെ അച്ഛനായ മലയാറ്റിൽ സുരേഷ് ബാബു. മാതാപിതാക്കളുടെ ബുദ്ധിമുട്ട് അറിഞ്ഞാണ് മേഘ കായിക മത്സരത്തിൽ നിന്നും സ്വയം വിരമിക്കുകയെന്ന തീരുമാനം എടുത്തത്.
എന്നാൽ കായികധ്യാപകനായ കെ. വിശ്വജിത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഇത്തവണ കായികമേളയിൽ വീണ്ടും മത്സരിക്കാൻ തയാറായത്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ നിന്ന് മേഘ മടങ്ങിയത് രണ്ട് സ്വർണമെഡലുകളുമായാണ്.
മേഘയുടെ പരിശീലനത്തിനും യാത്രയ്ക്കും വേണ്ടി വന്ന ചെലവ് കണ്ടെത്തിയ കായികാധ്യാപകൻ വിശ്വജിത്ത് സുഹൃത്തുകളുടെ സഹായത്തോടെയാണ് മേഘയെ വീണ്ടും ട്രാക്കിലെത്തിച്ചത്.തുടർന്നും കായികമേഖലയിൽ നേട്ടങ്ങൾ കൊയ്യാനുള്ള തയാറെടുപ്പിലാണ് മേഘ.