അന്പലപ്പാറയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായി
1228093
Friday, October 7, 2022 1:03 AM IST
ഒറ്റപ്പാലം : ജൽജീവൻ പദ്ധതി പ്രകാരം അന്പലപ്പാറയിൽ 100 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായി. ബാക്കി കൂടിയുള്ള കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ജനകീയാവശ്യം. പൈപ്പ് ലൈൻ സ്ഥാപിക്കൽ പദ്ധതി വൈകുന്നതോടെ, തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുകൾ കൂടുതൽ ശോച്യാവസ്ഥയിലാവുമെന്നും വിമർശനമുണ്ട്.
അന്പലപ്പാറയിൽ സമഗ്ര കുടിവെള്ളപദ്ധതിയുടെ നിർമാണമാണ് ഇനിയും പൂർത്തിയാകാൻ ബാക്കിയുള്ളത്. പ്രധാനപാതകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് വൈകുന്നതിനു കാരണം.
എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കു എന്ന ലക്ഷ്യത്തോടെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമഗ്ര കുടിവെള്ളപദ്ധതിയുടെ മൂന്നാംഘട്ടം നടപ്പാക്കുന്നത്. പഞ്ചായത്തുറോഡുകളിലെ പണി പൂർത്തിയായിട്ടുണ്ടെങ്കിലും റോഡുകൾ മുഴുവൻ തകർന്നുകിടക്കയാണ്.
റോഡ് പൂർവസ്ഥിതിയിലാക്കണമെങ്കിൽ കുടിവെള്ളപദ്ധതിയുടെ നിർമാണം കഴിയുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. അന്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയിൽ 135 കിലോമീറ്ററിലാണ് പഞ്ചായത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ഇതിൽ 100 കിലോമീറ്ററിൽ പണി മാത്രമാണ് ഇതുവരേ പൂർത്തിയായിട്ടുള്ളത്. ഒറ്റപ്പാലം, മണ്ണാർക്കാട്, അന്പലപ്പാറ മണ്ണൂർ, മുരുക്കുംപറ്റവരോട്, മുരുക്കുംപറ്റമംഗലം പാതകളിലാണ് ഇനി പൈപ്പ് സ്ഥാപിക്കാനുള്ളത്.
ഈ ഭാഗങ്ങളിൽ വീടുകളിലേക്ക് കണക്ഷൻ കൊടുക്കുന്ന പൈപ്പും കടന്പൂരിലെ ജലസംഭരണിയിൽ നിന്ന് വെള്ളം പന്പുചെയ്യുന്നതിനുള്ള വലിയ പൈപ്പുകളും സ്ഥാപിക്കലാണ് ബാക്കിയുള്ളത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ കടന്പൂരിലെ ജലസംഭരണിയിൽ നിന്ന് കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനും കഴിഞ്ഞിട്ടില്ല.
പഞ്ചായത്തുറോഡുകളിലെ പൈപ്പുകളിലേക്ക് കണക്ഷൻ നല്കാൻ കഴിയാത്തതുമൂലമാണിത്. ഒറ്റപ്പാലം-മണ്ണാർക്കാട് പാതയിൽ കടന്പൂരിൽ പണിതുടങ്ങിയതായും ബാക്കിയുള്ളത് അനുമതികിട്ടുന്ന മുറയ്ക്ക് ഉടൻതന്നെ പൂർത്തിയാക്കുമെന്നും ജല അഥോറിറ്റി പ്രോജക്ട് ഡിവിഷൻ എഇ കെ.വി. കിരണ്കുമാർ അറിയിച്ചു. അതേസമയം ജൽജീവൻ പദ്ധതിയിൽ പൈപ്പ് ലൈനിടാൻ റോഡുകൾ പൊളിച്ചിട്ടിട്ട് ഒരുവർഷം കഴിഞ്ഞു.