വള്ളിയോട് സെന്റ് മേരീസ് കോളജിൽ പുതിയ അധ്യയന വർഷത്തിനു തുടക്കം
1225403
Wednesday, September 28, 2022 12:30 AM IST
വടക്കഞ്ചേരി: വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക്ക് കോളജിൽ പന്ത്രണ്ടാം ബാച്ചിന്റേയും ഐടിഐ യുടെ ഇരുപത്തിയേഴാം ബാച്ചിന്റേയും ഉദ്ഘാടനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. കുട്ടികളുടെ നൈപുണ്യപരമായ വളർച്ചയ്ക്കും വിദ്യാഭ്യാസപരമായ നേട്ടങ്ങൾക്കും സെന്റ് മേരീസ് കോളജിന് വലിയ പാരന്പര്യമുണ്ടെന്ന് ബിഷപ് പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. ഐടിഐ പ്രിൻസിപ്പലും കോളജ് ജോയിന്റ് ഡയറക്ടറുമായ ഫാ.അനു കളപ്പുരക്കൽ പ്രസംഗിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫെബിൻ വടക്കേക്കുടി സ്വാഗതവും പോളിടെക്നിക് പ്രിൻസിപ്പൽ റെയ്മോൻ പി. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
ടെക്നിക്കൽ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഡോ. എം.ആർ.കെ മേനോൻ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ജപ്പാനിൽ ഉയർന്ന ശന്പളത്തോടുകൂടി ജോലി നേടിക്കൊടുക്കാൻ ഈ ട്രെയ്നിംഗിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കേരളത്തിലെ ടെക്നിക്കൽ സ്ഥാപനങ്ങളിൽ വച്ച് ഉയർന്ന സാങ്കേതിക പരിശീലനവും തൊഴിൽ സാധ്യതയും സെന്റ് മേരീസ് കോളജ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.