അറവ് മാലിന്യപ്ലാന്റിനെതിരേ ജനകീയ സമരസംഗമം
1534938
Friday, March 21, 2025 1:23 AM IST
എരുമപ്പെട്ടി: വരവൂർ പഞ്ചായത്തിൽ തളി നടുവട്ടത്ത് പ്രവർത്തിക്കുന്ന അറവ് മാലിന്യപ്ലാന്റിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയ സമര സംഗമം സംഘടിപ്പിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്കരണത്തിന്റെ പേരിൽ മനുഷ്യരുടെ ആവാസ വ്യവസ്ഥ തകർക്കാൻ അനുവദിക്കരുതെന്നും വായു, വെള്ളം ഉൾപ്പടെയുള്ള ജനങ്ങളുടെ മൗലികാവകശങ്ങൾ സംരക്ഷിക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
പരിസരമലിനീകരണം ഉയർത്തുന്ന മാലിന്യകേന്ദ്രത്തിനെതിരെ ജനകീയസമരം ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആക്ഷൻ കൗൺസിൽ രക്ഷാധികാരി സി.യു. അബൂബക്കർ അധ്യക്ഷനായി. ചെയർമാൻ കെ.എം. ഫലലുല്ല, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ എം.പി. കുഞ്ഞിക്കോയ തങ്ങൾ, ജയൻ വെള്ളപ്പാറ, ജോർജ് മുണ്ടക്കയം, എം.എ. രാജ തുടങ്ങിയവർ സംസാരിച്ചു.