ശൗചാലയം ഫുട്പാത്തിൽ; മാറ്റണമെന്നു നാട്ടുകാർ
1459760
Tuesday, October 8, 2024 8:09 AM IST
അത്താണി: സ്വച്ഛ് ഭാരതിന്റെ പൊതുശൗചാലയം വ്യക്തിയുടെ ഭൂമിയിലും ഫുട്പാത്തിലുമായി നിർമിച്ച് വടക്കാഞ്ചേരി നഗരസഭ. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ പണമുപയോഗിച്ചാണ് കാൽനടക്കാർക്കു തടസംസൃഷ്ടിച്ചു ശൗചാലയം ഗാന്ധിജയന്തിദിനത്തിൽ തുറന്നത്.
വടക്കാഞ്ചേരി ഭാഗത്തുനിന്ന് അത്താണിയിൽകൂടി ഗവ. മെഡിക്കൽ കോളജിലേക്കു പോകുന്ന റെയിൽവേ മേൽപ്പാലത്തോടുചേർന്നു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ശൗചാലയം. മേൽപ്പാലത്തിനായി ഏറ്റെടുത്തശേഷം ബാക്കിവന്ന ഭൂമി പാലത്തിന്റെ ഇരുവശത്തുമായി ഉണ്ടായിരുന്നെന്നാണു ഭൂഉടമയുടെ ബന്ധുക്കൾ പറയുന്നത്. ഇവിടെയാണ് ഉടമയുടെ അനുമതിയില്ലാതെ നഗരസഭ പൊതുശൗചാലയം നിർമിച്ചത്.
250 മീറ്റർ മാറി അത്താണി സെന്ററിൽ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ മൂത്രപ്പുരകളും പൊതുശൗചാലയങ്ങളും ഉളളപ്പോഴാണ് ഫുട്പാത്തിനോടുചേർന്ന് ശൗചാലയം. നിരവധിയാളുകൾ കാൽനടയായി ഈവഴി പോകാറുണ്ട്. വെറുതേ ഒന്നു തള്ളിയാൽ തുറക്കുന്ന വാതിലാണ് ശൗചാലയത്തിൽ ഘടിപ്പിച്ചത്. ഇതു ജനത്തിരക്കില്ലാത്ത ഏതെങ്കിലും സ്ഥലത്തേക്കു മാറ്റിസ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടിന് ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ ബക്കറ്റും കപ്പും പോലും വച്ചിട്ടില്ല.