ലഹരിവിമുക്തി സന്ദേശ വാക്കത്തോണ്‍ സംഘടിപ്പിച്ച് സഹൃദയ വിദ്യാർഥികൾ
1459542
Monday, October 7, 2024 7:14 AM IST
തൃശൂർ: കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെയും വിദ്യാർഥികൾ സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിൻ വിമുക്തിയുടെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സൈക്കിൾ റാലിയും വാക്കത്തോണും സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴിനു തേക്കിൻകാട് തെക്കേഗോപുര നടയിൽനിന്ന് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോണ്‍ സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സഹൃദയയുടെ മാനേജ്മെന്റ് ഫെസ്റ്റ് മെറാക്കി-2024ന്റെ ഈ വർഷത്തെ തീയതികളും അദ്ദേഹം പ്രഖ്യാപിച്ചു. 24, 25 തീയതികളിലാണു ഫെസ്റ്റ്.
തൃശൂർ എക്സൈസ് കമ്മീഷണർ പി.കെ. സതീഷ് ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി. സഹൃദയ ഇൻസ്റ്റിറ്റ്യൂട്ടിലെ ലഹരിവിരുദ്ധ ക്ലബായ നേർക്കൂട്ടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സഹൃദയ മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സഹൃദയയിലെ ലഹരിവിരുദ്ധ ക്ലബായ നേർക്കൂട്ടം കമ്മിറ്റിയും ലഹരി വിരുദ്ധ കമ്മിറ്റിയും തൃശൂർ ഡെക്കാത്ത്ലണ്‍ സൈക്കിൾ ക്ലബും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ്, സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയി എന്നിവർ പ്രസംഗിച്ചു.