മതിലകം പഞ്ചായത്തിന് സന്പൂർണ ഡിജിറ്റൽ സാക്ഷരത : ബ്ലോക്ക് പഞ്ചായത്തിൽ ആദ്യത്തേത്
1459349
Sunday, October 6, 2024 7:11 AM IST
കയ്പമംഗലം: ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി മതിലകം. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാപദ്ധതി തുടക്കംമുതൽ ആവേശത്തോടെയാണ് മതിലകം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത്. ഈ പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവർത്തനം നടത്തുന്നതിന് രജിസ്റ്റര്‍ ചെയ്തത് 280 വോളന്റിയര്‍മാരായിരുന്നു.
ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, സെന്റ് ജോസഫ് ഹയര്‍സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരുടെ വിവരങ്ങൾശേഖരിച്ചു. 8,155 കുടുംബങ്ങളില്‍ നടത്തിയ വിവരശേഖരണത്തില്‍നിന്ന് ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്ത 2,838 പഠിതാക്കളെ കണ്ടെത്തി.
ഇവർക്ക് വാര്‍ഡുകളിലെ വിവിധകേന്ദ്രങ്ങളിലായി മികച്ച പരിശീലനംനൽകി. അയൽക്കൂട്ട യോഗങ്ങൾ, തൊഴിലുറപ്പ് തൊഴിലിടങ്ങൾ, വായനശാലകള്‍, അങ്കണവാടി കേന്ദ്രങ്ങള്‍, ഗ്രാമസഭ യോഗങ്ങള്‍, വയോജന അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി ആളുകളെ ഒന്നിച്ചുചേര്ക്കാന് സാധ്യമായ എല്ലായിടത്തും പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചു.
മുഴുവൻപേരെയും ഡിജിറ്റൽ സാക്ഷരതയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയാണ് മതിലകം ഗ്രാമപഞ്ചായത്ത് മതിലകം ബ്ലോക്ക് പഞ്ചായത്തില ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് എന്ന പദവിയിലേക്ക് എത്തിയത്.