മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധപ്രവർത്തങ്ങൾക്കു കൂട്ടുനിൽക്കുന്നു: എം.ടി. രമേശ്
1459144
Saturday, October 5, 2024 7:51 AM IST
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരന്പി. പിണറായി വിജയനു മുഖ്യമന്ത്രിസ്ഥാനത്തു തുടരാനുള്ള ധാർമികത നഷ്ടമായെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ബിജെപി വർഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോൾ സ്വന്തം പാളയത്തിൽനിന്നുള്ളവർതന്നെ വെളിപ്പെടുത്തുന്നത്.
കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറി. ഇതിൽനിന്നു ശ്രദ്ധതിരിക്കാനാണ് വർഗീയത ആയുധമാക്കി ചിലർ പ്രചാരണം നടത്തുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുനടക്കുന്ന സ്വർണക്കള്ളക്കടത്ത്, ഹവാല ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നു രമേശ് ആവശ്യപ്പെട്ടു.
പടിഞ്ഞാറേക്കോട്ടയിൽനിന്നാരംഭിച്ച മാർച്ച് കളക്ടേറ്റിനു മുൻപിൽ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി എ. നാഗേഷ്, മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, അഡ്വ.കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, എ.ആർ. അജിഘോഷ്, പി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.