ചാവക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
1572412
Thursday, July 3, 2025 2:02 AM IST
ചാവക്കാട്: കവർച്ചക്കേസിൽ പ്രതിയായ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരേ പോലീസിന്റെ ജലപീരങ്കി പ്രയോഗം. മാർച്ച് കഴിഞ്ഞശേഷം പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകർ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ ചിതറിയോടി.
ചാവക്കാട് കോടതി പരിസരത്തുനിന്ന് കാറും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച്. സലാം പ്രതിയാണെന്നും, അറസ്റ്റ് ചെയ്യാതെ പ്രതിയെ രക്ഷപ്പെടുത്തുകയാണെന്നും ആരോപിച്ചായിരുന്നു മാർച്ച്. ബാരിക്കേഡുകൾവച്ച് താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.
തുടർന്നു നടന്ന പ്രതിഷേധ യോഗം കെപിസിസി മുൻ അംഗം സി.എ. ഗോപപ്രതാപൻ ഉദ്ഘടനംചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ജില്ലാ സെക്രട്ടറി റിഷിലാസർ, കെ.വി. സത്താർ, കെ.പി. ഉദയൻ , ബീന രവിശങ്കർ, എച്ച് എം. നൗഫൽ, എന്നിവർ പ്രസംഗിച്ചു.
കോടതി പരിസരത്തെ കവർച്ച കേസിൽ തിരുവത്ര കോട്ടപ്പുറം തിരുവത്ത് റമളാൻ അനസിനെ (36) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സലാം ഉൾപ്പെടെ നാലുപേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പറയുന്നത്. കഴിഞ്ഞ ജനുവരി ആറിനാണ് സംഭവം. അന്നകര വടേരി രതീഷിനെയും ഭാര്യയേയും ബലംപ്രയോഗിച്ച് കാറിൽനിന്നിറക്കി കാറും 49,000 രൂപയും പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുമായി സംഘം കടന്നുകളഞ്ഞെന്നായിരുന്നു പരാതി.