വാടാനപ്പിള്ളിയിൽ സൂപ്പർമാർക്കറ്റിൽ മോഷണം
1572401
Thursday, July 3, 2025 2:02 AM IST
വാടാനപ്പള്ളി: വാടാനപ്പിള്ളി പോലീസ് സ്റ്റേഷനടുത്ത് വീണ്ടും മോഷണം. സ്റ്റേഷന് 200 മീറ്ററോളം തെക്ക് തങ്ങൾപ്പള്ളിക്കുസമീപം എം.എ. സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി കടയുടെ പിൻവശത്തെ ഷട്ടറിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാവ് വെളിച്ചെണ്ണ അടക്കമുള്ള 15,000 രൂപയോളം വരുന്ന വില പിടിപ്പുള്ള സാധനങ്ങളും മേശയിൽ ഉണ്ടായിരുന്ന 1500 ഓളം രൂപയുമാണ് കവർന്നത്.
കടയ്ക്കു പിൻവശത്താണ് കടയുടമ മതിലകത്ത് വീട്ടിൽ റഹ്മത്തലിയുടെ വീട്. രാവിലെ കട തുറക്കാൻ റഹ്മത്തലിയും ഭാര്യയും വന്നപ്പോഴാണ് ഷട്ടർ തുറന്നു കിടക്കുന്നതുകണ്ടത്. നോക്കിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്.
പരാതിപ്രകാരം വാടാനപ്പിള്ളി പോലീസെത്തി പരിശോധന നടത്തി. കടക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയിൽ മോഷ്ണ ദൃശ്യം പതിഞ്ഞിട്ടുണ്ട്. 2.15 ഓടെയാണ് മോഷണം നടന്നത്. മഴക്കോട്ടും മാസ്ക്കും ധരിച്ചാണ് മോഷ്ടാവ് എത്തിയത്.
നടുവിൽക്കര വന്നേരി ക്ഷേത്രത്തിലടക്കം ആറോളം ക്ഷേത്രങ്ങളിലും ഭണ്ഡാരം തകർത്ത് മോഷണം നടന്നിട്ടും ദൃശ്യം സിസിടിവി കാമറയിൽ പതിഞ്ഞിട്ടും ഒരാളെപ്പോലും പിടികൂടാൻ പോലിസിനു കഴിഞ്ഞിട്ടില്ല.
മോഷണം വർധിച്ചതോടെ കച്ചവടക്കാരും ക്ഷേത്രക്കമ്മിറ്റിക്കാരും പ്രദേശവാസികളും ഭീതിയിലാണ്.